തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങളിൽ എസ്ഡിപിഐയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും സ്വാധീനം ശക്തം. ലോക്കൽ സമ്മേളന പ്രതിനിധികളെയും ബ്രാഞ്ച് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്നതിലടക്കം സംസ്ഥാനത്തൊട്ടാകെ തീവ്ര മുസ്ലിം സംഘടനകൾ ഇടപെടൽ നടത്തുന്നതായാണ് വിവരം.
സിപിഎം പ്രാദേശിക നേതൃത്വങ്ങളിൽ എസ്ഡിപിഐ പൂർണ്ണമായി പിടിമുറിക്കിയെന്നത് യാഥാർത്ഥ്യമാണ്. ആയിരക്കണക്കിന് എസ്ഡിപിഐ പ്രവർത്തകരാണ് സിപിഎമ്മിൽ പ്രാഥമിക അംഗത്വം നേടിയിരിക്കുന്നത്. ഇവരുടെ പ്രവർത്തനം എസ്ഡിപിഐ നേതൃത്വത്തിന്റെയും അതത് മേഖലകളിലെ ചുമതലക്കാരുടെയും നിർദ്ദേശപ്രകാരമാണ്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചതൊടെ തങ്ങളുടെ ആശയവുമായി ചേർന്ന് പോകുന്നവരെ പുതിയ നേതൃത്വത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് തീവ്ര മുസ്ലിം സംഘടനകൾ. ഇതിലൂടെ എസ്ഡിപിഐയുടെ പ്രവർത്തനങ്ങളിൽ സിപിഎമ്മിന്റെ പ്രാദേശിക പിന്തുണ ഉറപ്പാക്കാൻ സാധിക്കിം. ഇതുവരെ നടന്ന ബ്രാഞ്ച് സമ്മേളനങ്ങൾ കീറിമുറിച്ച് പരിശോധിക്കുന്നതും സിപിഎമ്മിനേക്കാൾ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലീം പ്രസ്ഥാനങ്ങളാണ്.
തിരുവനന്തപുരം ജില്ലയിലെ നേമം, കരമന, ബിമാപ്പള്ളി മുതൽ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി അടക്കം സംസ്ഥാനത്തുടനീളം എസ്ഡിപിഐയുടെ ഇടപെടൽ സമ്മേളനങ്ങളിൽ കാണാം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സിപിഎം അംഗത്വം നേടിയവരിൽ 10% പേർ ക്യാമ്പസ് ഫ്രണ്ടിലൂടെ രാഷ്ട്രീയം ആരംഭിച്ചവരാണെന്നാണ് വിലയിരുത്തൽ. ക്യാമ്പസ് ഫ്രണ്ടിലോ പോപ്പുലർ ഫ്രണ്ടിലോ പ്രവർത്തിച്ച് മുഴുവൻ പരിശീലനവും പൂർത്തിയാക്കിയ ശേഷം സംഘടനയിൽ നിന്ന് പുറത്ത് വന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേക്കേറി അതിലൂടെ മാതൃസംഘടനയുടെ ആശയം നടപ്പാക്കുകയാണ് ഇവരുടെ രീതി. ഇതിന് വേണ്ട പിന്തുണ സിപിഎം പ്രാദേശിക ഘടകങ്ങളിൽ നിന്നും വേണ്ടുവോളം ലഭിക്കുന്നുമുണ്ട്. ഈ വസ്തുതകളിലെ യാഥാർത്ഥ്യം ബോധ്യമാകാൻ വിവിധ മേഖല സമ്മേളനങ്ങളിലെ പ്രതിനിധി, സെക്രട്ടറി തിരഞ്ഞെടുപ്പ് മാത്രം പരിശോധിച്ചാൽ മാത്രം മതി.
പാർട്ടി സമ്മേളനം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പി. വി അൻവർ തുടങ്ങി വെച്ച ആരോപണ ശരങ്ങളുടെ ചുവടുപിടിച്ചുള്ള മത തീവ്രവാദികളുടെ പോരാട്ടം മുമ്പ് കണ്ടിട്ടില്ലാത്ത അത്രയും ആത്മ വിശ്വാസത്തോടെയാണ്. അൻവറിന്റെ ആരോപണങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന വർഗീയ ചിന്തകൾ ഉണർത്താനുള്ള നീക്കവും എസ്ഡിപിഐ ആരംഭിച്ചു കഴിഞ്ഞു.