സോഷ്യൽ മീഡിയയിൽ വൈറലായ 19-കാരന്റെ ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങളായി വേദന നൽകുന്ന വലിയൊരു വ്രണത്തിന് മരുന്നു പുരട്ടിയതിന്റെ ആശ്വാസ ചിരിയായിരുന്നു അത്. പൊലീസുകാർക്കൊപ്പം കോടതിയിൽ എത്തിയപ്പോഴാണ് മാദ്ധ്യമങ്ങളെ നോക്കി കൈവീശി കാട്ടിയ ശേഷം അയാൾ പൊട്ടിച്ചിരിച്ചത്. ഇതിന് പിന്നിലെ കാരണം തിരഞ്ഞുപോയവർ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നു വേണം പറയാൻ.
പത്തുവർഷം മുൻപ് സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയ കൊലപ്പെടുത്തിയതിനാണ് 19-കാരൻ പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. 2015-ൽ പിടിയിലായ പീഡന കേസ് പ്രതി പത്തുവർഷത്തെ ശിക്ഷ കഴിഞ്ഞ് കൊവിഡ് സമയത്ത് പുറത്തിറങ്ങിയിരുന്നു. കാെവിഡ് പശ്ചാത്തലത്തിലാണ് പ്രതിക്ക് ഇളവ് ലഭിച്ചത്. അവസരം കാത്തിരുന്ന 19-കാരൻ ഓഗസ്റ്റ് 28നാണ് സുഹൃത്തിനൊപ്പം ഇയാളെ വകവരുത്തിയത്. ലവ്പ്രീത് സിംഗ് എന്നാണ് 19-കാരന്റെ പേര്. സുഹൃത്ത് അക്ഷദീപും. മൂർച്ചേറിയ ആയുധം ഉപയോഗിച്ച് പഞ്ചാബിലെ കപൂർതലയിലായിരുന്നു ആക്രമണം. ലവപ്രീത് ആദ്യം അറസ്റ്റിലായി. പിന്നീട് കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു.
ജാട്ടാ വില്ലേജിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രതി ഓംകാർ സിംഗിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട പകയുടെ കഥ വെളിപ്പെടുന്നത്. ലവ് പ്രീത് സിംഗിനെ തനിച്ചാക്കി പീഡനത്തിനിരയായ സഹോദരിയും പിതാവും പിന്നീട് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിയെ വകവരുത്താൻ യുവാവ് കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്. കോടതിയിൽ ഹാജരാക്കിയ ലവ് പ്രീതിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.