ജനീവ: ആഫിക്കയിലെ Mpox വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെഭാഗമായി ആദ്യ വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. അമേരിക്കയിൽ ‘ജിന്നിയോസ്’ എന്നറിയപ്പെടുന്ന ബവേറിയൻ നോർഡിക്കിന്റെ വാക്സിനാണ് അംഗീകാരം നൽകിയത്. ജപ്പാനിലെ കെഎം ബയോളജിക്‌സ് നിർമ്മിച്ച LC16 എന്ന മറ്റൊരു വാക്‌സിനും അനുമതി ലഭിച്ചേക്കും.
പ്രീക്വാളിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ അംഗീകാര നടപടിയിലൂടെ യുഎൻ ഏജൻസികൾക്ക് വാക്സിൻ വാങ്ങുവാനും വിതരണം ഏകോപിപ്പിക്കുവാനും സാധിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ 18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് Mpox വാക്സിൻ രണ്ട് ഡോസ് ഘട്ടം ഘട്ടമായി നൽകും. Mpox വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ,18 വയസ്സിന് താഴെയുള്ളവർക്കും ശിശുക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ഇത് നൽകാമെന്നും സംഘടന വ്യക്തമാക്കി.
രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ Mpox വാക്സിൻ എത്തുന്നുവെന്ന് ഉറപ്പാക്കാൻ വാക്സിൻ സംഭരണം, വിതരണം എന്നിവയിൽ അടിയന്തിര വർദ്ധനവ് വരുത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ദരിദ്ര രാഷ്‌ട്രങ്ങളിലാണ് രോഗം പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളും ആഫ്രിക്ക സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) റിപ്പോർട്ട് ചെയ്തു.