ഭൂരിഭാഗം ആൾക്കാരും ഏറ്റവും കൂടുതൽ ഭയക്കുന്ന ജീവികളിൽ ഒന്നാണ് പാമ്പ്. പലരുടെയും പേടി സ്വപ്നം. അങ്ങനെയുള്ളവർ രണ്ട് തലയുള്ള പാമ്പിനെ കണ്ടാലോ! അങ്ങനെയുണ്ടെങ്കിൽ അത് ഒരു അപൂർവ സംഭവവുമാണ്. എന്നാൽ അങ്ങനെയൊരു പാമ്പ് ഉണ്ട്. നിലവിൽ കൻസാസ് സിറ്റിയിലെ ഒരു പ്രകൃതി കേന്ദ്രത്തിൽ ഒരു ഉടലിൽ രണ്ട് തലയുള്ള പാമ്പിനെ സംരക്ഷിച്ച് പോകുന്നു.
നിരുപദ്രവകാരിയായ പെൺ എലി പാമ്പാണ് ഇത്. ടൈഗർ-ലില്ലി എന്നാണ് ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. തിളങ്ങുന്ന കറുത്ത ചർമ്മം, കാണാൻ വളരെ മനോഹരം. തെക്കുപടിഞ്ഞാറൻ മിസോറിയിലെ ഒരു കുടുംബം 2017-ലാണ് ടൈഗർ-ലില്ലിയെ കണ്ടെത്തുന്നത്. അന്നുമുതൽ ഈ പാമ്പ് മിസോറി സംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്.
ഏകദേശം ഏഴ് വയസ്സും മൂന്നടി നീളവും ഉണ്ട് ടൈഗർ-ലില്ലിക്ക്. ഏകദേശം 30 വയസ്സും അഞ്ചടി നീളവും വരെ വളരും ഈ പാമ്പ്. രണ്ട് തലകൾക്കും ശരീരത്തിന്റെ മേൽ നിയന്ത്രണമുണ്ട്. എന്നിരുന്നാലും ഒരു തല മറ്റൊന്നിനേക്കാൾ ബോസിയായിരിക്കാം. ഇടതുവശത്തുള്ള തലയാണ് ലില്ലി, വലത് തല ടൈഗർ. രണ്ട് തലകളും ഒരു ദഹനവ്യവസ്ഥ പങ്കിടുന്നുണ്ടെങ്കിലും അവയ്‌ക്ക് രണ്ടിനും വെവ്വേറെ ഭക്ഷണം നൽകേണ്ടതുണ്ട്.
ഒന്നിന് കൂടുതൽ ഭക്ഷണം നൽകിയാൽ മറ്റേ തല അസ്വസ്ഥമാകും. അതിനാൽ ചില സന്ദർഭങ്ങളിൽ ഒന്നിന് ഭക്ഷണം നൽകുമ്പോൾ മറ്റേ തല ചെറിയ ക്യാപ് വെച്ച് മറച്ച് പിടിക്കാറുണ്ട്. ടൈഗർ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം ലില്ലി കഴിക്കാറുണ്ട് എന്നും പാമ്പിനെ പരിപാലിക്കുന്നവർ പറയുന്നു.