സെക്കന്തരാബാദ്: ഗണേശോത്സവത്തിനായി തയ്യാറാക്കിയ ഗണേശ വിഗ്രഹത്തിന് ധരിപ്പിച്ച വസ്ത്രം വിവാദമായതോടെ സംഘാടകർക്കെതിരെ വിമർശനം. തൊപ്പിയും പൈജാമയും കുർത്തയും ഗണപതി വിഗ്രഹത്തിന് അണിയിച്ചതാണ് വിവാദമായത്. രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ സംഘാടകർ ന്യായീകരണവുമായി രംഗത്തെത്തി. ബാജിറാവു മസ്താനി എന്ന ബോളിവുഡ് സിനിമയുടെ അനുകരണമാണ് ഉദ്ദേശിച്ചതെന്നായിരുന്നു അവകാശവാദം.
വിഗ്രഹത്തിന്റെ ചിത്രങ്ങൾ ‘മുസ്ലിം ഗണപതി’ എന്നപേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. ബാജിറാവു മസ്താനിയിൽ നടൻ രൺവീർ സിംഗ് ധരിച്ച വസ്ത്രത്തിന്റെ അനുകരണമെന്ന പേരിൽ യംഗ് ലിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങളാണ് ഗണപതി വിഗ്രഹത്തിന് തൊപ്പിയും കുർത്തയും നൽകി അണിയിച്ചൊരുക്കിയത്. രൂപകൽപ്പന ചെയ്ത കലാകാരനുമായുള്ള ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്നാണ് സംഘാടകരുടെ ന്യായീകരണം.