ഫരീദാബാദ്: കോൺഗ്രസ് എന്നത് അഴിമതിക്കാരുടെ വലിയൊരു കൂട്ടമാണെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫരീദാബാദിൽ നടത്തിയ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ കോൺഗ്രസുകാർ വിദഗ്ധരാണെന്നും അദ്ദേഹം പരിഹസിച്ചു.
” അഗ്നിവീർ സൈനികർക്ക് പെൻഷൻ ഉണ്ടാകില്ലെന്നും ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അവർ അവകാശപ്പെട്ടു. എന്നാൽ അഗ്നിവീർ സൈനികർക്ക് പൊലീസ് സേനയിലേക്ക് 20 ശതമാനം സംവരണം നൽകുന്നുണ്ട്. ഹരിയാനയിൽ പ്രീണന രാഷ്‌ട്രീയം കളിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ അത് ഒരിക്കലും നടപ്പാകില്ലെന്ന് ഞങ്ങൾ വ്യക്തമായി തന്നെ പറയുകയാണ്. ഒക്ടോബർ അഞ്ചിന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കും. നിങ്ങളുടെ വോട്ടുകളാണ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ രണ്ട് ശക്തികളാണ് ഉള്ളത്. ഒരു വശത്ത് ദേശസ്‌നേഹം പ്രകടിപ്പിച്ച് കൊണ്ട് ബിജെപിയും മറുവശത്ത് അഴിമതിക്കാരുടെ കൂട്ടമായ കോൺഗ്രസും. മൂന്നാം വട്ടവും ഹരിയാനയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ ഒബിസി, ദളിത് വിഭാഗം, കർഷകർ, സൈനികർ, കായികതാരങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി പാർട്ടി പ്രവർത്തിക്കും.
ഫരീദാബാദിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും മൾട്ടി ലെവൽ പാർക്കിംഗും ഉൾപ്പെടുത്തി 262 കോടി രൂപ ചെലവിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചു. ഏഴ് പുതിയ ട്രെയിനുകളും ഇവിടേക്കായി നൽകി. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിർഭർ പദ്ധതി പ്രകാരം 30,000ത്തോളം വഴിയോര കച്ചവടക്കാർക്ക് വായ്പകൾ കൈമാറി. ഇന്ത്യയുടെ വികസനത്തിനൊപ്പം തന്നെ ഹരിയാനയുടെ വികസനവും സാധ്യമാകും. എന്നാൽ കോൺഗ്രസ് സ്വന്തം കുടുംബത്തിന്റെ വികസനം മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും” അമിത് ഷാ ആരോപിച്ചു.