പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നതിനാൽ ഇന്ന് പത്തനംതിട്ട ജില്ലയ്‌ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് പമ്പയാറ്റിൽ ആവേശപ്പോര് ആരംഭിക്കുന്നത്. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ നടക്കുക. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനം ചെയ്ത് 52 പള്ളിയോടം ജലഘോഷയാത്രയിലും 50 പള്ളിയോടം മത്സരവള്ളംകളിയിലും പങ്കെടുക്കും.