മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും പ്രേക്ഷകരിലേക്ക് എത്തിയ രഞ്ജിൻ രാജിന്റെ സംഗീതജ്ഞനിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ നീ എന്ന പാട്ടിൽ തുടങ്ങിവച്ച വിസ്മയം സുമതി വളവിൽ എത്തിനിൽക്കുകയാണ്. മലയാളികൾ നെഞ്ചേറ്റിയ മാളികപ്പുറം സിനിമയിലെ ഹിറ്റ് പാട്ടുകളുടെ പിന്നിലും രഞ്ജിൻ തന്നെയായിരുന്നു. ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘ഗണപതി തുണയരുളുക’ എന്ന ഗാനം ക്രിയേറ്റ് ചെയ്യപ്പെട്ട കഥ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മാളികപ്പുറം ചിത്രത്തിലെ ഗാനങ്ങൾ പിറന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ആദ്യം മറ്റൊരു പാട്ടായിരുന്നു തയ്യാറാക്കിയിരുന്നതെന്നും പിന്നീട് ടീമിന്റെ തീരുമാനം മാറിയപ്പോൾ അടിയന്തരമായി മറ്റൊരു പാട്ട് ക്രിയേറ്റ് ചെയ്യേണ്ടി വന്നു. 3 മണിക്കൂറിൽ തയ്യാറായ പാട്ടാണ് ഗണപതി തുണയരുളുക എന്നും ജീവിതത്തിൽ ഏറ്റവും സവിശേഷമായ പാട്ടായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഗണപതി തുണയരുളുക’ വളരെ വിശേഷപ്പെട്ട പാട്ടാണ്.. എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും സവിശേഷപ്പെട്ടത്. ആദ്യം ആ പാട്ടൊരുക്കുമ്പോൾ സിറ്റുവേഷൻ കുറച്ചുകൂടി ലൈറ്റ് ആയിരുന്നു. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം കുഞ്ഞുങ്ങളുമായി ബസിൽ യാത്ര ചെയ്യുന്നതായിരുന്നു ഡയറക്ടർ ആദ്യം പറഞ്ഞ സിറ്റുവേഷൻ. അൽപം ക്യൂട്ട്നെസ് കീപ്പ് ചെയ്തുകൊണ്ടാണ് പാട്ട് ക്രിയേറ്റ് ചെയ്തത്. കുട്ടിത്വമുള്ള പാട്ടായിരുന്നു. അതിന് സന്തോഷ് വർമ വരികളെഴുതി.. എല്ലാവരും ഹാപ്പിയായിരുന്നു. പെട്ടെന്നാണ് തീരുമാനം മാറുന്നത്. പാട്ടിന്റെ വിഷ്വലിന്റെ സ്കെയിൽ കുറച്ചുകൂടി വലുതാക്കുകയാണെന്ന് അറിയിച്ചു. പക്ക പേട്ടതുള്ളൽ പാട്ടാക്കി മാറ്റാൻ ടീം നിർദേശിച്ചു. അപ്പോൾ ആദ്യം ചെയ്തുവച്ച പാട്ട് അതുപോലെ മാറ്റിവച്ചു. (ആ പാട്ട് എന്റെ പേഴ്സണൽ ഫേവറേറ്റാണ്. അതെപ്പോഴെങ്കിലും പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.) അങ്ങനെ നാളെ ഷൂട്ട്, ഇന്നുരാത്രി പാട്ട് ക്രിയേറ്റ് ചെയ്യണം. ആന്റോ ചേട്ടനെയും അഭിലാഷിനെയും വിഷ്ണുവിനെയും വിളിച്ചു, എന്നെ കുറേ നേരത്തേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫാക്കി വച്ചു, രാത്രി എട്ട് മണിക്ക് തുടങ്ങി, 11-12 ആകുമ്പോഴേക്കും ക്രിയേറ്റ് ചെയ്ത് അയച്ചുകൊടുത്തു. രാവിലെ ആന്റോ ചേട്ടനെ വിളിച്ചു. അദ്ദേഹം പള്ളിയിൽ നിൽക്കുകയായിരുന്നു. പുള്ളി ഹാപ്പിയായി. ടീം എല്ലാവരും സന്തോഷത്തിലായി. അവർക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്ക് കൃത്യമായി മനസിലായിട്ടുണ്ടായിരുന്നു. അത് അപ്രകാരം മ്യൂസിക് തയ്യാറാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ ബിജിഎം അടക്കം 3-4 മണിക്കൂർ കൊണ്ട് ക്രിയേറ്റ് ചെയ്യപ്പെട്ട പാട്ടാണ് ’ഗണപതി തുണയരുളുക’. ഓഡിയൻസിലേക്ക് വല്ലാതെ ഇറങ്ങിച്ചെല്ലാനും ആ പാട്ടിന് കഴിഞ്ഞിരുന്നു.”- രഞ്ജിൻ രാജ് പങ്കുവച്ചു.