ടെൽ അവീവ്: ഹിസ്ബുള്ള ഭീകരർക്കെതിരെയുള്ള ഏറ്റുമുട്ടൽ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ലെബനനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികരണം. കൂടുതൽ വിഭവങ്ങളും സൈനിക ശക്തിയും സമാഹരിച്ചു കൊണ്ട് ഇസ്രായേൽ സൈന്യം രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്ന് യോവ് ഗാലന്റ് പറയുന്നു. രാജ്യത്തെ സൈനിക താവളത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഞങ്ങൾ ഈ പോരാട്ടത്തിൽ മറ്റൊരു ഘട്ടത്തിന്റെ തുടക്കത്തിലാണ് ഇപ്പോൾ. ഈ പോരാട്ടം മുന്നോട്ട് പോകണമെങ്കിൽ സ്ഥിരോത്സാഹവും ആത്മധൈര്യവുമെല്ലാം ആവശ്യമാണ്. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള താമസക്കാരെ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഞങ്ങൾ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും” യോവ് ഗാലന്റ് പറയുന്നു.
ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിന് പിന്നാലെ വടക്കൻ മേഖലകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്ന് സുരക്ഷാ കാബിനറ്റ് തീരുമാനിച്ചിരുന്നു. അതേസമയം ലെബനനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളെ കുറിച്ച് യോഗ് ഗാലന്റ് പ്രതികരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരക്കണക്കിന് പേജറുകളാണ് ലെബനനിൽ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള ഭീകരർ സന്ദേശം കൈമാറുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന് പിന്നിൽ മൊസാദ് ആണെന്ന് ഹിസ്ബുള്ള ആരോപിച്ചെങ്കിലും, വിഷയത്തിൽ ഇസ്രായേൽ പ്രതികരണം നടത്തിയിട്ടില്ല. പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിനിടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. വാക്കിടോക്കികൾക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. അതേസമയം കഴിഞ്ഞ ഏതാനും മണിക്കൂറിനിടെ ഹിസ്ബുള്ള ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി. ലെബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലകളിൽ സൈനിക സാന്നിധ്യം ഇസ്രായേൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.