ഉഡുപ്പി; ബന്ധുവിന്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയ യുവതി മരിച്ചു . ഉഡുപ്പി കുന്ദാപൂർ താലൂക്കിലെ കോട്ടേശ്വർ സ്വദേശി അർച്ചന കാമത്ത് (34) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധയെ തുടർന്നാണ് അന്ത്യം .
നഗരത്തിലെ കോളേജിൽ അധ്യാപികയായിരുന്ന അർച്ചന അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയുമായിരുന്നു. അർച്ചനയുടെ ഭർത്താവ് ചേതന്റെ ബന്ധുവിനാണ് അർച്ചന കരൾ പകുത്ത് നൽകിയത് . മറ്റ് കുടുംബാംഗങ്ങളുടെ രക്തസാമ്പിൾ രോഗിയുടെ രക്തസാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതിനെ തുടർന്നാണ് അർച്ചന കരൾ നൽകാൻ തയ്യാറായത് .
രക്തസാമ്പിൾ പരിശോധനയിൽ അനുയോജ്യമായതോടെ 12 ദിവസം മുമ്പ് ബംഗളൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി അർച്ചനയുടെ കരളിന്റെ ഒരു ഭാഗം വിജയകരമായി മാറ്റിവച്ചു. പിന്നീട് അർച്ചന സുഖം പ്രാപിക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പനി വന്ന അർച്ചനയ്ക്ക് പിന്നാലെ അണുബാധയും ഉണ്ടായി. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .