മംഗളൂരു: രണ്ട് തലകളുമായി ജനിച്ച പശുക്കിടാവിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. മംഗളൂരുവിലെ കിന്നിഗോളി പ്രദേശത്താണ് ഈ അപൂർവ്വ പശുക്കിടാവിന്റെ ജനനം. ജയറാം ജോഗി എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിന് സെപ്റ്റംബർ 17ന് ജനിച്ച കിടാവിനാണ് രണ്ടുതലയുള്ളത്.
നിലവിൽ കിടാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും എത്രദിവസത്തോളം ഇത്തരത്തിൽ തുടരാൻ കഴിയുമെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നാണ് മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നത്. പോളിസെഫാലി (Polycephaly) എന്ന അവസ്ഥ കാരണമാണ് രണ്ടുതല കിടാവിന് ഉണ്ടായതെന്നും ഡോക്ടർമാർ പറയുന്നു. ഒരു ശരീരത്തിൽ രണ്ട് തലയാണ് കിടാവിനുള്ളത്. നാല് കണ്ണുകളുണ്ട്. ഇതിൽ രണ്ടെണ്ണത്തിനാണ് കാഴ്ചശക്തി. മദ്ധ്യഭാഗത്തുള്ള കണ്ണുകൾ പ്രവർത്തനരഹിതമാണ്.
പിറന്നുവീണ് രണ്ടുദിവസമായെങ്കിലും കിടാവിന് ഇതുവരെയും എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞിട്ടില്ല. തലഭാഗത്ത് ഭാരം കൂടുതലായതിനാലാണിത് പോളിസെഫാലി ബാധിച്ചിട്ടുള്ള കിടാക്കൾ ദീർഘകാലം ജീവിക്കുന്നത് താരതമ്യേന കുറവാണെന്നും ഇവയ്‌ക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.