വിഷമുള്ളതും വിഷമില്ലാത്തതുമായി ലോകത്ത് നിരവധി തരം പാമ്പുകൾ ഉണ്ട്. അതിൽ പലതും ഇന്ന് വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന ചില പാമ്പുകളും ആ ആ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ലോകത്താദ്യമായി ഇന്ത്യയിൽ നിന്നും കണ്ടെത്തിയ പവിഴ ചുവന്ന കുക്രി(coral red kukri snake) എന്നറിയപ്പെടുന്ന ഒലിഗോഡൺ ഖെറിയൻസിസ്.
1936-ൽ ഉത്തർപ്രദേശിലെ നോർത്ത് ഖേരി എന്ന സ്ഥലത്ത് നിന്നുമാണ് കുക്രി പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്. പവിഴ കുക്രി പാമ്പ് കടും ഓറഞ്ച് നിറത്തിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നു. ഉത്തർപ്രദേശിനുശേഷം നേപ്പാളിലും ബംഗ്ലാദേശിലും ഈ പാമ്പ് വർഗ്ഗത്തിൽ ഓരോന്നിനെ കണ്ടുകിട്ടിയിട്ടുണ്ട്. ആദ്യം കണ്ടെത്തിയശേഷം ഇന്ത്യയിൽ നിന്നും ഈ പാമ്പിനെ പിന്നീട് കണ്ടുകിട്ടുന്നത് 80 വർഷങ്ങൾക്കു ശേഷമാണ്. 2014ലും 2015 ലും ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ചത്ത നിലയിൽ കുക്രി പാമ്പിനെ കണ്ടെത്തുകയായിരുന്നു.
പിന്നീട് ഉത്തർപ്രദേശിൽ നിന്നും 2018ലും 2019ലും ഉത്തരാഖണ്ഡിൽ നിന്ന് 2020 ലും കുക്രി പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അഞ്ചോ ആറോ തവണ മാത്രമാണ് ഈ അപൂർവയിനം പാമ്പിനെ കണ്ടുകിട്ടിയിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാമ്പിനെ പറ്റി വളരെ കുറച്ചു മാത്രമേ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. കാരണം അത്ര അപൂർവമാണ് ഇവയെ കണ്ടുകിട്ടുക എന്നത്.
കുക്രി പാമ്പ് രാത്രി സഞ്ചാരികളാണെന്നും ഭൂരിഭാഗം സമയത്തും ഭൂമിക്കടിയിൽ ജീവിക്കുന്നുവെന്നും കരുതപ്പെടുന്നു. കൂടാതെ അതിന്റെ റോസ്‌ട്രൽ സ്കെയിലുകൾ ഉപയോഗിച്ച് കുഴിക്കാനാകും. ഇത് മണ്ണിരകളെയും ലാർവകളെയുമാണ് ഭക്ഷിക്കുന്നത്. ഇന്ത്യയിൽ, 1972-ലെ വന്യജീവി സംരക്ഷണ നിയമം , ഷെഡ്യൂൾ IV പ്രകാരം ഒലിഗോഡൺ ഖെറിയൻസിസ് എന്ന് കുക്രി പാമ്പ് സംരക്ഷിക്കപ്പെടുന്നു.
അനിയന്ത്രിതമായി കാട് കയ്യേറുന്നത്, നഗരവൽക്കരണം, കൃഷി ചെയ്യുന്നതിന് സ്ഥലങ്ങൾ ഉഴുതുമറിക്കുന്നത്, തേയിലത്തോട്ടനിർമ്മാണം, മുളങ്കാടുകൾ വൃത്തിയാക്കൽ തുടങ്ങിയ കാരണങ്ങളാൽ ഈ അപൂർവയിനം പാമ്പിന്റെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നു. തിളക്കമുള്ള നിറം കണ്ട് പരിഭ്രാന്തരായി അറിവില്ലായ്മ കാരണം കുക്ക്രി പാമ്പിനെ ആളുകൾ കൊല്ലാറുണ്ട്. യഥാർത്ഥത്തിൽ ഈ പാമ്പിന് വിഷമില്ല, മാത്രമല്ല തീർത്തും നിരുപദ്രവകാരിയും ശാന്ത സ്വഭാവവുമുള്ള പാമ്പാണ് കുക്രി പാമ്പ്.















