……ആർ.കെ രമേഷ്……
അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു.. സേതുമാധവൻ ഇതു പറഞ്ഞ് തിരികെ നടക്കുമ്പോൾ നിസഹായതോടെ അമ്മു എന്ന അമ്മ നോക്കിനിൽക്കുന്നുണ്ട്.. ഇന്നും മലയാളി മറക്കാത്ത ആ നോട്ടം. ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം സമ്മാനിക്കുന്ന ഈ ജോഡി ഇനിയൊരിക്കലും സിനിമയിൽ ഒരുമിക്കില്ല. പറഞ്ഞ് പഴകിയതാണെങ്കിലും മോഹൻലാലിന് കവിയൂർ പൊന്നമ്മയെക്കാൾ മികച്ചൊര് അമ്മയെ റീൽ ജീവിതത്തിൽ ലഭിക്കില്ല. അമ്പതിലേറെ ചിത്രങ്ങളിൽ പാെന്നമ്മയും ലാലേട്ടനും ഒരുമിച്ചെത്തി. മിക്കവയിലും അമ്മയും മകനുമായപ്പോൾ, ചിലതിൽ അവരെ അന്യരായും കണ്ടു.
എന്നാൽ അപ്പോഴും അരാധകർക്ക് അവർ അന്യരോ അപരിചിതരോ ആയിരുന്നില്ല. അമ്മയും മകനുമായപ്പോൾ ആ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അടയാളപ്പെടുത്തി. “കിരീടം” ആ ജോഡിയുടെ കിരീടത്തിലെ പൊൻതൂവലായിരുന്നു. ഭരതത്തിലെ ദേവകിയും നമുക്ക് പാർക്കാൻ മുന്തിരി തോപ്പിലെ റീത്തയും മലയാളി നെഞ്ചോട് ചേർക്കുന്ന അമ്മമാരായിരുന്നു. വിയറ്റ്നാം കോളനിയിലെ പാർവതിയമ്മാളും കിഴക്കുണരും പക്ഷിയിലെ ദേവുവും ഒരു സീനിൽ പോലും പ്രേക്ഷരുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. അലക്സും ഗ്രേസിക്കുട്ടിയും തമ്മിലുള്ള പിണക്കങ്ങൾ പോലും മലയാളി ഏറെ ആസ്വദിച്ചു.
ഇനിയവർ അമ്മയും മകനും അല്ലാതെ എത്തിയപ്പോഴും എവർഗ്രീൻ ജോഡിയെ ഇരുകൈയും നീട്ടിയാണ് മലയാളി സ്വീകരിച്ചത്. തേന്മാവിൻ കൊമ്പത്തിലെ യശോദാമ്മ ഒരു മകന്റെ വാത്സല്യമാണ് മാണിക്യന് പകർന്നു നൽകിയത്. ഹിസ് ഹൈനസ് അബ്ദുള്ളയിലേക്ക് വരുമ്പോൾ ആ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികള്‍ക്ക് സിനിമയുള്ളിടത്തോളം കാലം മറക്കാനാകില്ല,ഉണ്ണീയെന്ന ആ നീട്ടിവിളി ഒരിക്കലും കേട്ടില്ലെന്ന് വയ്‌ക്കാനുമാകില്ല.
പിൽക്കാലത്ത് ‘ഉണ്ണി വന്നോ’ എന്ന ചോദ്യം മലയാളിയുടെ ജീവിതത്തിൽ കളിയും കാര്യവുമായി ഒപ്പംകൂടി. സുഖമോ ദേവിയിൽ നന്ദന്റെ അമ്മയായി എത്തിയപ്പോഴും മോഹൻലാലിന്റെ സണ്ണിയുമായി പ്രത്യേക കെമസ്ട്രി കവിയൂർ പൊന്നമ്മയ്‌ക്കുണ്ടായിരുന്നു. ചുവന്ന പൊട്ടും നിറഞ്ഞ ചിരിയുമായി കവിയൂർ പാെന്നമ്മ ഓർമയാകുമ്പോൾ മോഹൻലാൽ എന്ന മഹാപ്രതിഭയ്‌ക്ക് സിനിമയിൽ പൂർണത നൽകുന്നതിൽ ഒരു ഭാഗം കവിയൂർ പൊന്നമ്മയുടേതായും ഉണ്ടെന്ന് പറയാതെ വയ്യ. ആ വിടവ് ഇനി നികത്താനാകില്ല. പകരംവയ്‌ക്കാനില്ലാത്ത വിധം ആ കൂട്ടുക്കെട്ട് ഒരോ പ്രേക്ഷകരുടെ മനസിലും തങ്ങിനിൽക്കും.