രജൗരി: ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാകിസ്താനുമായി കേന്ദ്ര സർക്കാർ യാതൊരുവിധ ചർച്ചയും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന നാഷണൽ കോൺഫറൻസും കോൺഗ്രസുമുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആവശ്യം അമിത് ഷാ ശക്തമായി എതിർത്തു. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി നൗഷേരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. എന്നാൽ ആർക്കും തന്നെ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനാകില്ല. ഇന്ന് ബങ്കറുകൾ ആവശ്യമില്ല കാരണം ആരും തന്നെ വെടിവെക്കാൻ ധൈര്യപ്പെടുന്നില്ല. അഥവാ വെടിയുതിർത്താൽ തിരിച്ചും വെടിയുണ്ടകൾകൊണ്ട് മറുപടി നൽകും. ഷെയ്ഖ് അബ്ദുള്ളയുടെ കൊടി ഇവിടെ പാറിക്കണമെന്നാണ് അവരുടെ ലക്ഷ്യം. എന്നാൽ ത്രിവർണ്ണപതാക മാത്രമേ ഇനി കശ്മീരിന്റെ മണ്ണിൽ ഉയരുകയുള്ളു ” അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 30 വർഷവും ജമ്മു കശ്മീരിൽ ഭീകരവാദം തുടർന്നുപോന്നു. 30 വർഷത്തിൽ 3,000 ദിവസവും നിരോധനാജ്ഞ ഏർപ്പെടുത്തി. 40,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു. കശ്മീർ കത്തുമ്പോൾ ഫറൂഖ് അബ്ദുള്ള ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു .
പാകിസ്താനുമായി ചർച്ച നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നതെന്നും എന്നാൽ തീവ്രവാദം തുടച്ചുനീക്കുന്നതുവരെ കേന്ദ്രം പാകിസ്താനുമായി ഒരു ചർച്ചയും നടത്തില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജയിലിൽ അടച്ച ഭീകരരെ മോചിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ തീവ്രവാദികളെ ഒന്നൊന്നായി തുടച്ചുനീക്കിയെന്നും ഒരു ഭീകരനും കശ്മീരിന്റെ മണ്ണിൽ സ്വതന്ത്രനായി നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു.















