ലോകത്ത് വിവിധതരം പാമ്പുകൾ ഉണ്ട്. അതിൽ തന്നെ സ്വയ രക്ഷയ്‌ക്കും ഇരകളെ വേട്ടയാടനുമായി വിചിത്രമായ വിദ്യകൾ പ്രയോഗിക്കുന്ന പാമ്പിനങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ പെടുന്ന ഒരു പാമ്പാണ് ഹോഗ്നോസ് പാമ്പ്. ഹോഗ്നോസ് പാമ്പുകളുടെ ഏറ്റവും വ്യതിരിക്തമായ സ്വഭാവം അവയുടെ മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന മൂക്ക് / റോസ്‌ട്രൽ സ്കെയിൽ ആണ്. ഇത് മണ്ണ് കുഴിക്കാൻ സഹായിക്കുന്നു.
ഭീഷണി നേരിടുമ്പോൾ, ഹോഗ്നോസ് പാമ്പുകൾ ചീറ്റുകയും കഴുത്ത് പരത്തുകയും മൂർഖൻ പാമ്പുകളെപ്പോലെ നിലത്തു നിന്ന് തല ഉയർത്തുകയും ചെയ്യും. ഒറ്റനോട്ടത്തിൽ മൂർഖൻ പാമ്പ് തന്നെയെന്ന് നോക്കിപ്പോകും. ശത്രു ശക്തനെന്ന് പാമ്പിന് തോന്നിയാൽ മറ്റൊരു വിദ്യയും ഹോഗ്നോസ് പാമ്പ് പ്രയോഗിക്കും. ദേഹം കമഴ്‌ത്തി ചത്തതുപോലെ പാമ്പ് കിടക്കും.
എടുത്ത് തിരിച്ചുവച്ചാൽ വീണ്ടും കമിഴ്ന്നു തന്നെ പാമ്പ് കിടക്കുന്നു. അവ ക്ലോക്കയിൽ നിന്ന് (ദ്രാവക രൂപത്തിൽ) ഒരു മലിനമായ മലം പുറത്തുവിടും. അവയുടെ നാവുകൾ തൂങ്ങിക്കിടക്കുകയും ചെയ്യും. വായിൽ, ചിലപ്പോൾ ചെറിയ രക്തത്തുള്ളികളും കാണാം. ഇതിലൂടെ ചത്ത് കിടക്കുകയാണെന്ന് എതിരാളികളെ വിശ്വസിപ്പിക്കുകയാണ് ഹോഗ്നോസ് പാമ്പ്.
എലികൾ, പല്ലികൾ, തവളകൾ, മുട്ട, ചെറു പ്രാണികൾ തുടങ്ങിയവയാണ് ഹോഗ്നോസ് പാമ്പിന്റെ പ്രധാന ഭക്ഷണം. പൊതുവേ മനുഷ്യർക്ക് നിരുപദ്രവകാരിയാണ് ഈ പാമ്പ്. ഹോഗ്നോസ് പാമ്പുകൾക്ക് നേരിയ രീതിയിൽ വിഷം ഉണ്ട്. എന്നാൽ കടിക്കാൻ പൊതുവേ ഇവ മുതിരാറില്ല. തല പരത്തി ഭയപ്പെടുത്താനോ, ചത്തതുപോലെ കിടക്കാനോ മാത്രമേ ഈ പാമ്പ് ശ്രമിക്കാറുള്ളൂ. അതുകൊണ്ടുതന്നെ നിരുപദ്രവകാരിയായ ഈ പാമ്പിനെ ചിലർ വളർത്തി വരുന്നു.















