ഉറുമ്പുകളും തേനീച്ചകളുമായി ബന്ധമുള്ള ഒരു പ്രാണിയാണ് കടന്നൽ. മിക്കവാറും എല്ലാ കടന്നലുകൾക്കും പാടപോലെ നേർത്ത രണ്ടു ജോഡി ചിറകുകളുണ്ട്. ഇതാണ് ഉറുമ്പിൽ നിന്ന് കടന്നലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. എന്നാൽ പേരുകൊണ്ടും രൂപം കൊണ്ടും ഉറുമ്പെന്ന് തോന്നിക്കുന്ന ഒരു കടന്നൽ ഉണ്ട്. യൂസ്പിനോളിയ മിലിറ്റാറിസ് മുറ്റിലിഡേ കുടുംബത്തിലെ ഒരു ഇനം കടന്നലാണിത്. പാണ്ട ഉറുമ്പ്(Panda ant) എന്നാണ് ഈ കടന്നലിനെ വിളിക്കുന്നത്. ചിറകില്ലാത്തതിനാൽ പലപ്പോഴും ഈ കടന്നലിനെ ഉറുമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
1938-ലാണ് പാണ്ട ഉറുമ്പ് എന്ന ഈ കടന്നലിനെ കണ്ടെത്തുന്നത്. ചിലിയൻ സ്ക്ലിറോഫിൽ വനങ്ങളിൽ ഇവ വസിക്കുന്നു. കണ്ണുകളൊഴികെ തല മുഴുവൻ മൂടുന്ന വെളുത്ത രോമം. ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ കറുപ്പും വെളുപ്പും പാടുകൾ. പാണ്ടയുടെ നിറമാണ് ഇതിന്. അതിനാലാണ് “പാണ്ട ഉറുമ്പ്” എന്ന പേരും ലഭിച്ചത്. ലുക്ക് കണ്ട് അധികം അടുക്കേണ്ട, കുത്ത് കൊണ്ട് വിറച്ചു പോകും. വേദനാജനകവും ശക്തവുമാണ് ഈ കടന്നലിന്റെ കുത്ത്. പെൺ കടന്നലുകൾക്കാണ് ചിറകുകളില്ലാത്തത്. പുരുഷന്മാർക്ക് ചിറകുകളുണ്ട്. അവയ്‌ക്ക് എട്ട് മില്ലിമീറ്റർ (0.31 ഇഞ്ച്) വരെ നീളമുണ്ട്.
പാണ്ട ഉറുമ്പിന്റെ കുത്തേറ്റാൽ തീവ്രമായ വേദന, കുത്തേറ്റ സ്ഥലത്ത് ചുവപ്പും വീക്കവും, ഓക്കാനം, ഛർദ്ദി, തലകറക്കം, പേശീവലിവ്, ചില വ്യക്തികളിൽ അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. പാണ്ട ഉറുമ്പ് കുത്തുമ്പോൾ ഉണ്ടാകുന്ന വേദന മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ ദിവസങ്ങളോളും തുടരും. വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമത, കുത്തിവച്ച വിഷത്തിന്റെ അളവ്, കുത്തേറ്റ സ്ഥലം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചും വേദനയുടെ തീവ്രത വ്യത്യാസപ്പെടാം.
പാണ്ട ഉറുമ്പുകൾ പൊതുവെ ആക്രമണകാരികളല്ലെങ്കിലും അവയെ കണ്ടാൽ ചില മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. പാണ്ട ഉറുമ്പുകളെ പിടിക്കുന്നതും ശല്യപ്പെടുത്തുന്നതും ഒഴിവാക്കുക.
പാണ്ട ഉറുമ്പുകൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ സംരക്ഷണ വസ്ത്രം ധരിക്കുക. കുത്തേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.















