ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം അമരനിലെ പുതിയ വീഡിയോ പുറത്തിറങ്ങി. നായികയായെത്തുന്ന സായ്പല്ലവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് പുറത്തെത്തിയത്. ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സായ് പല്ലവി വളരെ വേറിട്ട വേഷത്തിലാണ് അമരനിലെത്തുകയെന്നാണ് പുറത്തുവന്ന വീഡിയോയുലൂടെ വ്യക്തമാകുന്നത്.
2015-ൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. മുകുന്ദ് വരദരാജന്റെ ഭാര്യയായാണ് സായ് പല്ലവി ചിത്രത്തിലെത്തുന്നത്. സായ് പല്ലവിയുടെ ക്യാരക്ടർ പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒക്ടോബർ 31-നാണ് അമരൻ റിലീസ് ചെയ്യുന്നത്.
ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കശ്മീരിലായിരുന്നു ചിത്രീകരണം നടന്നത്. കഥാപാത്രത്തിന് വേണ്ടി ശിവകാർത്തികേയൻ ഇന്ത്യൻ ആർമിയുടെ പരിശീലനം നേടിയിരുന്നു. രണ്ട് വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തിലെത്തുക. കമൽഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.