തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന 30-ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദേശമുണ്ട്.
മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.