വാഴൂർ: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. വാഴൂർ ചാമംപതാൽ കറിയാപറമ്പിൽ ബിജുവാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം.
റോഡരികിലാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റു ചെയ്തു. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
നിലത്തുവീണ ബിജുവിന്റെ തലയ്‌ക്ക് കരിങ്കല്ല് കൊണ്ട് ഇടിച്ച ശേഷം അപ്പു ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ പിന്നീട് ചാമംപതാൽ ഭാഗത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
മൂന്നരയോടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മണിമല പോലീസ് ആണ് അന്വേഷണം നടത്തുന്നത്.















