ന്യൂഡൽഹി: വാദത്തിനിടെ യെസ് നു പകരം യാ യാ എന്ന് ആവർത്തിച്ച അഭിഭാഷകന് വാക്കാൽ താക്കീത് നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. ഇത് കോടതിയാണെന്നും കോഫി ഷോപ്പ് അല്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിന്റെ വാക്കുകൾ. അഭിഭാഷകന്റെ യാ യാ മറുപടികളോട് തനിക്ക് പൊരുത്തപ്പെടാനാകുന്നില്ലെന്നും യാ യ്‌ക്ക് പകരം യെസ് തന്നെ പറയണമെന്നും ചീഫ് ജസ്റ്റീസ് ഓർമ്മപ്പെടുത്തി.
മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഇൻഹൗസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് അഭിഭാഷകന്റെ യാ യാ പ്രയോഗത്തെ വിമർശിച്ചത്. സുപ്രീംകോടതിയിലെ മുൻ ജസ്റ്റീസിനെതിരെ എങ്ങനെയാണ് വെറുതെ അന്വേഷണം ആവശ്യപ്പെടാനാകുകയെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തിന് ഒരു അന്തസ് ഉണ്ട്. പരാതി നേരത്തെ ഡിവിഷൻ ബെഞ്ചും തള്ളിയതാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങളോട യാ യാ എന്ന പ്രതികരണത്തോടെയാണ് അഭിഭാഷകൻ മറുപടി പറഞ്ഞു തുടങ്ങിയത്. ഇത് പല തവണ ആവർത്തിച്ചതോടെയാണ് യെസ് എന്ന് പറഞ്ഞാൽ മതിയെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ജസ്റ്റീസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും ചീഫ് ജസ്റ്റീസുമടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
‘എന്താണ് ഈ യാ യാ, ഇത് കോഫി ഷോപ്പ് അല്ല, യാ യാ കേൾക്കുന്നത് തന്നെ എനിക്ക് അലർജിയാണ്’ ചീഫ് ജസ്റ്റീസ് പറഞ്ഞു. പൂനെയിൽ നിന്നുളള അഭിഭാഷകനായിരുന്നു ഹർജിക്കാരൻ. ഇദ്ദേഹത്തിന് മനസിലാകാനായി മറാത്തിയിൽ ഹർജിയിലെ നിയമപ്രശ്‌നങ്ങൾ ചീഫ് ജസ്റ്റീസ് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. കോടതിയുടെ രജിസ്ട്രിയിൽ നിന്ന് മുൻ ചീഫ് ജസ്റ്റീസിന്റെ പേര് നീക്കം ചെയ്ത് ഹർജി നൽകാനും കോടതി നിർദ്ദേശിച്ചു.
നിലവിൽ രാജ്യസഭാ എംപിയാണ് രഞ്ജൻ ഗൊഗോയ്. 2019 നവംബർ 17 നായിരുന്നു അദ്ദേഹം വിരമിച്ചത്.















