മുംബൈ: സെപ്തംബർ മാസം ഇന്ത്യയിൽ പ്രതിദിനം നടന്നത് 500 മില്യൺ യുപിഐ ഇടപാടുകൾ. ഓഗസ്റ്റിൽ 66,475 കോടി രൂപയായിരുന്ന പ്രതിദിന ഇടപാടിന്റെ മൊത്തം മൂല്യം. സെപ്തംബറിൽ ഇത് 68,800 കോടി രൂപയായി. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒക്ടോബർ ഒന്നിന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുപിഐ ഇടപാടുകൾ തുടർച്ചയായ അഞ്ചാം മാസവും 20 ലക്ഷം കോടി രൂപ കവിഞ്ഞു.
ആധാറുമായി ബന്ധിപ്പിച്ച യുപിഐ ഇടപാടുകൾ സെപ്റ്റംബറിൽ 100 മില്യൺ എന്ന നിലയിലാണ്. ആ വിഭാഗത്തിലെ പ്രതിദിന ഇടപാടുകൾ 3.33 ദശലക്ഷമായി ഉയർന്നു. ഒപ്പം മൂല്യം 796 കോടിയിൽ നിന്ന് 805 കോടി രൂപയായി വർദ്ധിക്കുകയും ചെയ്തു.
മൊബൈൽഫോൺ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുപിഐ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ യുപിഐയെ കൂടുതൽ ആശ്രയിക്കാൻ കാരണം അതിന്റെ അനായാസമായ ഉപയോഗം തന്നെയാണ്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ പിയർ-ടു-മർച്ചൻ്റ് (P2M) ഇടപാടുകളുടെ സംഭാവന ഓഗസ്റ്റിൽ 62.40 ശതമാനത്തിലെത്തിയിരുന്നു. ഇടപാടുകളിൽ 85 ശതമാനവും 500 രൂപ വരെ മൂല്യമുള്ളവയാണ്. ഡിജിറ്റൽ പേയ്‌മെൻ്റിന്റെ വളർച്ച നമ്മൾ കരുതുന്നതിനുമപ്പുറമാണെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.















