സോനിപത്: ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടാണ് മുകേഷ് അംബാനി അയാളുടെ മകന്റെ വിവാഹം നടത്തിയതെന്നും ഇതിന് സഹായിച്ചത് ബിജെപിയാണെന്നുമുള്ള വിചിത്ര ആരോപണവുമായി കോൺഗ്രസ് എംപി രാഹുൽ. ആഡംബര വിവാഹങ്ങൾ നടത്താൻ രാജ്യത്തെ ശതകോടീശ്വരന്മാരെ സഹായിക്കുന്നത് ബിജെപിയാണെന്നും ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അതിവിചിത്രമായ പരാമർശം രാഹുൽ നടത്തിയത്.
നിങ്ങൾക്കറിയാമോ? അംബാനി തന്റെ മകന്റെ വിവാഹത്തിന്റെ ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിച്ചത്. അത് ആരുടെ പണമാണ്? നിങ്ങളുടെ പണമാണ്. പാവപ്പെട്ടവർ മക്കളുടെ വിവാഹം നടത്താൻ ആഗ്രഹിക്കുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം കാണില്ല. മക്കളെ വിവാഹം കഴിപ്പിക്കണമെങ്കിൽ അവർ ബാങ്ക് വായ്പ എടുക്കേണ്ടതായി വരുന്നു. നരേന്ദ്രമോദി ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. അതുപ്രകാരം രാജ്യത്ത് 25 പേർക്ക് അവരുടെ മക്കളുടെ കല്യാണത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാം. പക്ഷെ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം വിവാഹം നടത്തണമെങ്കിൽ കടം വാങ്ങിയേ തീരൂ. ഇത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണല്ലാതെ മറ്റെന്താണ്? അതായത്, കർഷകരുടെ പോക്കറ്റിലെ പണം നേരെ പോകുന്നത് മേൽപ്പറഞ്ഞ 25 പേരുടെ പോക്കറ്റിലേക്കാണ് എന്നതാണ് യഥാർത്ഥ്യം. – രാഹുൽ പറഞ്ഞുനിർത്തി.
ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം കഴിഞ്ഞ ജൂലൈയിലാണ് നടന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ലോക പ്രശസ്ത കലാകാരന്മാരും അഭിനേതാക്കളും വ്യവസായികളുമടക്കം പങ്കെടുത്തിരുന്നു. ആഡംബര വിവാഹത്തിന്റെ വിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.















