ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് ഇസ്രായേൽ പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഭീകരസംഘടനയുടെ പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി മിസൈലാക്രമണം നടത്തി ഹിസ്ബുള്ള തലവനെ വധിക്കുകയും ഇസ്രായേൽ ചെയ്തു. ഐഡിഎഫ് നടത്തിയ ബെയ്റൂട്ട് വ്യോമാക്രമണത്തിൽ നിരവധി മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതിന് മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.
ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ കത്തിയമർന്നതോടെ ഇറാന്റെ പരമോന്നത നേതാവ് ഒളിസങ്കേതത്തിലേക്ക് മാറിയിരുന്നു. കൂടുതൽ സുരക്ഷിതമായ താവളത്തിലേക്ക് സുപ്രീംലീഡർ മാറിയത് ഇസ്രായേലിനെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് നൽകുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയേൺ ഡോമിലൂടെ ഒട്ടുമിക്ക മിസൈലുകളും നിഷ്പ്രഭമാക്കിയിരുന്നു. നിലവിൽ ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ വീണ്ടും നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുമെന്ന് ഉറപ്പാണ്.















