വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യത്തിൽ ഇന്ത്യയ്‌ക്കും വളരെ അധികം ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്കയിൽ കാർനെഗി എൻഡോവ്‌മെന്റിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
” നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ അത് ഒക്ടോബർ ഏഴിൽ നിന്ന് തന്നെ തുടങ്ങണം. അതാണ് ശരിയെന്നാണ് ഞാൻ കരുതുന്നത്. സ്വന്തം രാജ്യത്തിനെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ അതിൽ പ്രതികരിക്കുക എന്നത് ഇസ്രായേലിന്റെ അവകാശമാണ്. എന്നാൽ ഏതൊരു രാജ്യത്തിന്റേയും പ്രതികരണങ്ങൾ അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളേയും പരിഗണിക്കണം. അതായത് സാധാരണക്കാരായ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലും നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിക്കാതെ ശ്രദ്ധിക്കണമെന്ന കാര്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു.
ഗാസയിൽ മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഘട്ടത്തിൽ എടുത്ത് പറയണം. ലെബനനിൽ മാത്രമല്ല, സംഘർഷങ്ങൾ വിപുലീകരിക്കാനുള്ള ഏതൊരു സാധ്യതയേയും ആശങ്കയോടെയാണ് കാണുന്നത്. ഇറാനും ഇസ്രായേലിനും ഇടയിൽ സംഭവിച്ചതിനേയും ആശങ്കയോടെ കാണണം. ഇത്തരം സാഹചര്യങ്ങളിൽ നയതന്ത്രതലത്തിലുള്ള സംഭാഷണങ്ങളുടെ പ്രാധാന്യത്തെ ഒരിക്കലും വില കുറച്ചുകാണരുതെന്നും” ജയശങ്കർ വ്യക്തമാക്കി.