ഐസിസി ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. കൺപൂർ ടെസ്റ്റിൽ ആറ് വിക്കറ്റ് പ്രകടനവുമായി ബുമ്ര തിളങ്ങിയിരുന്നു. സഹതാരം അശ്വിൻ രവിചന്ദ്രനെ മറികടന്നാണ് താരം ഒന്നാം സ്ഥാനത്ത് എത്തിയത്. ഓഫ് സ്പിന്നർ കാൺപൂർ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടിയിരുന്നു. ബുമ്രയ്‌ക്ക് 870 പോയിൻ്റാണെങ്കിൽ അശ്വിൻ ഒരു പോയിൻ്റ് പിന്നിലാണ്.
രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മൂന്നാമത്തെ ഇന്ത്യൻ താരം. ആറാം സ്ഥാനത്താണ് ജഡേജ. ശ്രീലങ്കയുടെ യുവതാരം പ്രഭാത് ജയസൂര്യയും ഓസ്ട്രേലിയൻ സ്പിന്നർ നാഥാൻ ലിയോണുമാണ് ഏഴാം സ്ഥാനത്ത്. ജോഷ് ഹേസിൽവുഡ് ആണ് മൂന്നാം സ്ഥാനത്ത്. പാറ്റ് കമ്മിൻസും കഗിസോ റബാദയുമായാണ് നാലാം സ്ഥാനം പങ്കിടുന്നത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജയാണ് തലപ്പത്തുള്ളത്. അശ്വിനാണ് രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് കരിയറിൽ ജഡേജ 300 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.















