ജെറുസലേം: ലെബനനിൽ നടത്തിയ സൈനിക നടപടിയിൽ എട്ട് ഇസ്രായേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി അറിയിച്ച് ഐഡിഎഫ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ കയറി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് ഐഡിഎഫ് അംഗങ്ങൾക്ക് ജീവഹാനി സംഭവിക്കുന്നത്. ലെബനൻ ഓപ്പറേഷനിൽ ഇസ്രായേലിനുണ്ടായ ആദ്യ നഷ്ടമായിരുന്നു ക്യാപ്റ്റൻ എയ്താൻ ഇട്ഷാക്കിന്റെ (22) മരണം. ഇതിന് ശേഷം ഏഴ് സൈനികർക്ക് കൂടി ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായി. തെക്കൻ ലെബനനിലാണ് ഹിസ്ബുള്ള ഭീകരരുമായി സംഘർഷമുണ്ടായത്.
ഇറാന്റെ മിസൈലാക്രമണത്തിനിടെയാണ് തെക്കൻ ലെബനനിൽ ഇസ്രായേലി സേന ഹിസ്ബുള്ളയെ ആക്രമിച്ചത്. ഇസ്രായേലിലെ ലെബനൻ അതിർത്തി ഗ്രാമങ്ങളെല്ലാം സംഘർഷാവസ്ഥയിലാണ്. ഇറാൻ കൂടി യുദ്ധത്തിൽ നേരിട്ട് പങ്കാളിയായതോടെ പൗരന്മാർക്ക് അതത് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇന്ത്യക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇറാനിലെ ഭാരതീയർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. ഇസ്രായേലിലെയും ലെബനനിലെയും ഇന്ത്യക്കാർക്കും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്. ഇറാന് കനത്ത തിരിച്ചടി നൽകാനുള്ള നീക്കങ്ങൾ ഇസ്രായേൽ സേന ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.