ലക്നൗ : രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . ഉത്തർപ്രദേശിലും , ജാർഖണ്ഡിലുമാണ് സമാനസംഭവങ്ങൾ ഉണ്ടായത് . കാൺപൂർ ദേഹത്ത് ജില്ലയിലാണ് സംഭവം . ഗുഡ്‌സ് ട്രെയിൻ അംബിയാപുരിന് സമീപം കടന്നുപോകുന്നതിനിടയ്‌ക്കാണ് ലോക്കോ പൈലറ്റ് ഹൗറ-ഡൽഹി ഡൗൺലൈനിൽ അഗ്നിശമന ഉപകരണം കിടക്കുന്നത് കണ്ടത്. തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി വിവരം കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ജിആർപി, ആർപിഎഫ് സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ തകർന്നു. ബർഹെത് പോലീസ് സ്റ്റേഷൻ പരിധിയിലെ രംഗ ഗ്രാമത്തിന് സമീപമുള്ള ഗുട്ടു തോലയിലാണ് സംഭവം. ശക്തമായ സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിൽ മൂന്നടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.പൊട്ടിത്തെറിച്ച ലൈൻ എൻടിപിസിയുടെ കൽക്കരി കൊണ്ടുപോകാൻ മാത്രമാണ് ഉപയോഗിക്കുന്നത്.
അതേസമയം യാത്രക്കാരെ കൊള്ളയടിക്കാനായി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പേരെ ആർ പി എഫ് പിടികൂടി . ജയേഷ് നാഗർഭായ് ബവാലിയ (24), രമേഷ് കഞ്ചി സാലിയ (55) എന്നിവരാണ് പിടിയിലായത്. യൂട്യൂബിൽ ചില വീഡിയോകൾ കണ്ടതിന് ശേഷമാണ് ഇവർ ഈ ശ്രമം നടത്തിയത്.കുണ്ഡ്‌ലി ഗ്രാമത്തിന് സമീപമുള്ള ട്രാക്കിൽ മെറ്റൽ പാളി സ്ഥാപിച്ച് ബോഗികൾ പാളം തെറ്റിക്കാനായിരുന്നു ശ്രമം .