ന്യൂഡൽഹി: ചൈനയിലെ നിർബന്ധിത തൊഴിൽ ആരോപണത്തെ തുടർന്ന് ആരോപണ വിധേയരായ ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎസ്. സ്റ്റീൽ ഉത്പന്നങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയ്‌ക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ചൈനയിലെ സിൻജിയാഗ് പ്രവിശ്യയിലുള്ള രണ്ട് ചൈനീസ് കമ്പനികളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് നിരോധിച്ചത്. ആഭ്യന്തര സുരക്ഷ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഈ കമ്പനികളിൽ നിർബന്ധിത തൊഴിൽ നടക്കുന്നുണ്ടെന്നും ജീവനക്കാരെ ചൂഷണം ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് നടപടി. തൊഴിലാളികളെ ചൂഷണം ചെയ്തും മാനസിക സമ്മർദ്ദം ചെലുത്തിയും ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് യുഎസ് പോളിസി ഫോർ ഹോംലാൻഡ് സെക്യൂരിറ്റിയുടെ അണ്ടർസെക്രട്ടറി റോബർട്ട് സിൽവേഴ്സ് പറഞ്ഞു.
ഉയ്ഗൂർ എന്ന മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് ചൈനയിലെ ചില കമ്പനികൾ നിർബന്ധിത തൊഴിലിന് വിധേയരാക്കുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ യുഎസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ വിശദീകരണം.