അബുദാബി: ദുബായിൽ ഇനിമുതൽ ബസുകളുടെ ലൈവ് ലൊക്കേഷനടക്കമുള്ള യാത്രാവിവരങ്ങൾ തത്സമയം അറിയാനാവും. ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ദുബായ് ആർടിഎ ധാരണയിലെത്തി. കൃത്യതയാർന്ന വിവരം ലഭ്യമാകുന്നത് വഴി മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
ദുബായിൽ ബസ് യാത്രയ്‌ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. അമേരിക്കൻ കമ്പനിയുമായി ആർടിഎ നടത്തിയ ധാരണപ്രകാരം പൊതുഗതാഗത സംവിധാനത്തെ സംബന്ധിച്ചുളള കൃത്യമായ വിവരങ്ങൾ എസ് ഹെയിൽ അടക്കമുള്ള ആപ്ലിക്കേഷനുകൾ വഴി അറിയാൻ സാധിക്കും. അതിവേഗം കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.
ബസ് സമയം, ബസിന്റെ തത്സമയ ലൊക്കേഷൻ എന്നീ കാര്യങ്ങൾ യാത്രക്കാർക്ക് അറിയാനാവും. അതോടൊപ്പം ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവയും കൃത്യം എത്ര മണിക്ക് സ്റ്റോപ്പിൽ ബസ് എത്തുമെന്ന് അറിയാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.













