ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ തടയാൻ അടിയന്തര ആഗോള നടപടി ആവശ്യപ്പെട്ട് അമേരിക്കയിലെ ഹിന്ദു സംഘടനകൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ന്യൂയോർക്കിലെ ഹഡ്സൺ നദിക്ക് മുകളിലൂടെ കൂറ്റൻ എയർലൈൻ ബാനർ പറത്തി. ബാനർ സ്വാതന്ത്ര്യത്തിൻെറയും സമത്വത്തിന്റെയും ആഗോള പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടിയെ വലംവച്ചു.
“ബംഗ്ലാദേശിലെ ഹിന്ദുക്കൾ വംശഹത്യയുടെ വക്കിലാണ്. നമ്മുടെ ഈ ശ്രമം പരിഷ്‌കൃത ലോകത്തിനിടിയിൽ വിഷയത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും നടപടിയെടുക്കാൻ യുഎന്നിനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” സംഘാടകരിലൊരാൾ. 1971ൽ ബംഗ്ലാദേശിൽ നടന്ന ഹിന്ദു വംശഹത്യയും സംഘാടകർ ശ്രദ്ധയിൽപെടുത്തി.
അന്നുണ്ടായ കലാപങ്ങളിൽ 2.8 ദശലക്ഷം ആളുകൾ മരണപ്പെടുകയും രണ്ടുലക്ഷത്തോളം ഹിന്ദു സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തു. വംശഹത്യയെ തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 20 ശതമാനത്തിൽനിന്ന് 8.9 ശതമാനമായി കുറഞ്ഞു.
1971 ലെ ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ യുഎൻ മനുഷ്യാവകാശ കൗൺസിൽ രാഷ്‌ട്രീയം മാറ്റിവച്ച് ഔദ്യോഗികമായി അംഗീകരിക്കേണ്ട സമയമാണിതെന്നും ആക്ടിവിസ്റ്റും ഇന്റർഫെയ്‌ത്ത് ഹ്യുമൻ റൈറ്റ്സ് കൊളീഷൻ അംഗവുമായ പങ്കജ് മേത്ത പറഞ്ഞു. അമേരിക്കയിലെ ജൂത സമൂഹവും ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.