എറണാകുളം: വായു സംബന്ധമായ അസുഖത്തിന് കാഞ്ഞിരത്തൊലി ഇട്ട വെള്ളം തിളപ്പിച്ച് കുടിച്ച ദമ്പതികൾ ആശുപത്രിയിൽ. മൂവാറ്റുപുഴ ചെറുവട്ടൂരിലാണ് സംഭവം.
വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി, ഭാര്യ സെലീമ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വായു സംബന്ധമായ അസ്വസ്ഥതകൾ മാറാൻ കാഞ്ഞിരത്തൊലി നല്ലതാണെന്ന് പ്രദേശവാസി ഇവരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
ഇതുപ്രകാരം വെള്ളം തിളപ്പിച്ച് കുടിച്ച ദമ്പതികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിൽ അമിത വിഷം പ്രവേശിക്കാത്തതിനാൽ ദമ്പതികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.