ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് തത്കാലം ഇന്ത്യക്കാരെ ഒഴിപ്പിക്കില്ല. വിമാനസർവീസുകൾ ഇപ്പോഴും തുടരുന്നതിനാൽ ഇന്ത്യക്കാർക്ക് ഇപ്പോൾ നാട്ടിലേക്ക് വരാനുള്ള അവസരമുണ്ടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ലെബനൻ-ഇറാൻ രാജ്യങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടിനെക്കുറിച്ചും രൺധീർ ജയ്സ്വാൾ ആവർത്തിച്ചു. സംഘർഷം ഉടലെടുത്തതോടെ കടുത്ത ആശങ്കയറിയിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും പൗരന്മാരുടെ സുരക്ഷ പരിഗണിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഈ സംഘർഷം കൂടുതൽ വ്യാപിക്കാതെ ശ്രദ്ധിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇസ്രായേൽ, ഇറാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിമാനസർവീസുകൾ ലഭ്യമാണെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാരതീയർക്ക് അവസരമുണ്ട്. നിരവധി കുടുംബങ്ങൾ എംബസിയെ ബന്ധപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമില്ല. ലെബനനിൽ 3,000 ഇന്ത്യക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും ബെയ്റൂട്ടിലാണ്. ഇറാനിൽ ഏകദേശം പതിനായിരത്തോളം ഇന്ത്യക്കാരുണ്ട്. അതിൽ 5,000 പേരും വിദ്യാർത്ഥികളാണ്. ഇസ്രായേലിൽ ഏകദേശം 30,000 ഇന്ത്യക്കാരാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.