തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാദങ്ങളും ന്യായീകരണങ്ങളും അതേപടി ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന് പിആർ ഏജൻസി ഇല്ലെന്ന് പാർട്ടി സെക്രട്ടറിയും ആവർത്തിച്ചു.
ഹിന്ദു പത്ര വിവാദം അവർ ഖേദപ്രകടനം നടത്തിയപ്പോൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സർക്കാരിന് പിആർ ഏജൻസിയുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്. സർക്കാരിന് പി.ആർ സംവിധാനമില്ല. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് മാദ്ധ്യമങ്ങൾ സ്വീകരിച്ചത്. മുൻ ഹരിപ്പാട് എംഎൽഎയുടെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖത്തിന് അവസരമൊരുക്കിയത്.
നേരത്തെ പിണറായിക്ക് നേരെയുണ്ടായിരുന്ന വിമർശനം ചിരിയില്ല എന്നതായിരുന്നു. ഇപ്പോൾ ചോദിക്കുന്നു, എന്തൊരു ചിരിയാ എന്നാണ് പരാതി. എന്ത് പിടിവള്ളി കിട്ടുമെന്നാണ് മാദ്ധ്യമങ്ങൾ നോക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായി കടന്നാക്രമണം നടത്തുകയാണ് മാദ്ധ്യമങ്ങൾ. മതരാഷ്‌ട്രവാദത്തിനെതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മതേതരവാദികളും ന്യൂനപക്ഷവാദികളും മുഖ്യമന്ത്രിക്ക് പിന്തുണ നൽകി. ന്യൂനപക്ഷത്തിനിടയിൽ ലഭിച്ച സ്വീകാര്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം-ആർഎസ്എസ് ബന്ധമെന്ന പ്രചാരം നടത്തുന്നത്. – ഗോവിന്ദൻ പറഞ്ഞു.