ടി20 ലോകകപ്പിൽ ജയിച്ച് തുടങ്ങാമെന്ന് മോഹിച്ചിറങ്ങിയ പെൺപടയെ തോൽവിയുടെ കയ്പ്നീര് കുടുപ്പിച്ച് ന്യൂസിലൻഡ് വനിതകൾ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 58 റൺസിനാണ് തോറ്റത്. 19 ഓവറിൽ 102 റൺസിന് ഇന്ത്യ പുറത്തായി. പെൺപടയുടെ തുടക്കം മികച്ച രീതിയിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയുമായി സ്മൃതി മന്ഥാനയാണ് നല്ല തുടക്കം സമ്മാനിച്ചത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഷഫാലി(2) വർമയെ പുറത്താക്കി കിവീസ് നിലപാട് വ്യക്തമാക്കി.
ഇന്ത്യൻ നിരയിൽ ഒരാളുപോലും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയില്ല എന്നുവേണം പറയാൻ. അഞ്ചാം ഓവറിൽ 12 റൺസമായി സ്മൃതിയും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. ഈഡന്‍ കാര്‍സണായിരുന്നു രണ്ടുവിക്കറ്റുകളും. 15 റൺസെടുത്ത ക്യാപ്റ്റൻ കൗറിനെ റോസ്‌മേരി മെയറും പുറത്താക്കിയതോടെ ഇന്ത്യ വിറച്ചു. ഇതോടെ ഇന്ത്യ മൂന്നിന് 42 എന്ന നിലയിലേക്ക് വീണു.
പിന്നീട് ലിയ തഹുഹുവിന്റെ ഊഴമായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ല് തഹുഹു ഒടിച്ചു. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് മീഡിയം പേസർ പിഴുതത്. ജമീമ റോഡ്രിഗ്സ്(13), റിച്ച ഘോഷ്(12), ദീപ്തി ശർമ(13) എന്നിവരാണ് തഹുഹുവിന് ഇരയായത്. പിന്നീട് എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. അരുന്ധതി റെഡ്ഡി(1),പൂജ വസ്ത്രാക്കർ(8), ശ്രേയങ്കാ പാട്ടിൽ(7),രേണുക സിംഗ് (0) എന്നിവരാണ് പുറത്തായ താരങ്ങൾ. ആശ ശോഭന ആറു റൺസുമായി പുറത്താകാതെ നിന്നു. റോസ്‌മേരി മെയർ നാലു വിക്കറ്റുമായി ഇന്ത്യയുടെ പതനം പൂർത്തിയാക്കി.