ചെന്നൈ: പി.വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നിരിക്കെയാണ് മുന്നണി പ്രവേശന ഉദ്ദേശ്യങ്ങളുമായി പിവി അൻവറിന്റെ നീക്കങ്ങൾ. ചെന്നൈയിലെത്തിയ അൻവർ വിവിധ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് മന്ത്രിയും കള്ളപ്പണക്കേസിൽ ആരോപണ വിധേയനുമായ സെന്തിൽ ബാലാജിയുമായി അൻവറിന്റെ മകൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് അൻവർ ചെന്നൈയിലേക്ക് തിരിച്ചത്. ഡിഎംകെ വഴി ഇൻഡി മുന്നണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കവും അൻവർ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
ഇടതുമുന്നണിയിൽ നിന്ന് അൻവറിനെ പുറത്താക്കിയതിന്റെ പശ്ചാത്തലത്തിൽ സഭയിൽ അൻവറിന്റെ സ്ഥാനം ഭരണകക്ഷി അംഗങ്ങൾക്കൊപ്പം ആകില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അൻവർ അറിയിച്ചത്. ഇടതുപക്ഷവുമായി അൻവർ ഇടഞ്ഞതിനിടെയാണ് ഡിഎംകെയുമായുള്ള ചരടുവലികൾ. ഡിഎംകെയിൽ അംഗത്വമെടുക്കുമോ, അതോ അൻവറിന്റെ പുതിയ പാർട്ടി ഡിഎംകെയോട് ചേർന്ന് പ്രവർത്തിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. കോൺഗ്രസിന്റെയും ലീഗിന്റെയും ഭാഗമാകാൻ താത്പര്യമില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണി അൻവറിനെ പൂർണമായും തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡിഎംകെയിലേക്കുള്ള ചായ്‌വ്. ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന പൊതുയോഗത്തിൽ അൻവർ നിലപാട് അറിയിച്ചേക്കും.