പൂച്ച, പട്ടി, കടുവ, ആന ഏത് ജീവിയും ആയിക്കോട്ടെ, കുഞ്ഞുങ്ങളായിരിക്കുമ്പോൾ കാണാൻ എത്ര നിഷ്കളങ്കമാണ്. അവ വലുതാകുമ്പോഴാണ് രൂപത്തിലും ഭാവത്തിലും വ്യത്യാസം വരുന്നത്. ഒരായുസ്സ് മുഴുവൻ നിഷ്കളങ്കമായ രൂപത്തിൽ ഇരിക്കാൻ കഴിയുമോ. എന്നാൽ അങ്ങനെ ചില ജീവികൾ ഉണ്ട്. അതിലൊന്നാണ് ക്വോക്ക( സെറ്റോണിക്സ് ബ്രാച്യുറസ്). സെറ്റോണിക്സ് ജനുസ്സിലെ ഏക അംഗമാണിത്. വളർത്തു പൂച്ചയുടെ വലിപ്പമുള്ള ഒരു ചെറിയ ജീവി.
ക്വോക്ക സസ്യഭുക്കുകളും പ്രധാനമായും രാത്രിയിൽ സഞ്ചരിക്കുന്നവയുമാണ്. തെക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പ്രദേശത്ത് മാത്രമേ ക്വക്കയെ കാണാൻ കഴിയൂ. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തീരത്തുള്ള ചില ചെറിയ ദ്വീപുകളിൽ ഇവ താമസിക്കുന്നു. കാഴ്ചയിൽ വളരെ ചെറിയ കംഗാരു പോലെയാണെങ്കിലും,1.5 മീറ്റർ (4 അടി 11 ഇഞ്ച്) വരെ ഉയരമുള്ള ചെറിയ മരങ്ങളിലും കുറ്റിച്ചെടികളിലും കയറാൻ ഇതിന് കഴിയും.
ക്വോക്ക ശരാശരി 10 വർഷം വരെ ജീവിക്കും. കുട്ടികൾ ആറ് മാസത്തോളം അമ്മയുടെ സഞ്ചിയിലാണ് ജീവിക്കുന്നത്. ക്വോക്കകൾക്ക് മനുഷ്യരെ ഭയമില്ല. ആളുകളുമായി അവ അടുത്ത് ഇടപഴകും. പ്രത്യേകിച്ചും അവർ ധാരാളമുള്ള റോട്ട്നെസ്റ്റ് ദ്വീപിൽ. എന്നിരുന്നാലും ഭക്ഷണം നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ട്. പൊതുജനങ്ങൾ ഏതെങ്കിലും വിധത്തിൽ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്. പ്രത്യേകിച്ച് മനുഷ്യർ നൽകുന്ന ഭക്ഷണം കഴിക്കുന്നത് അവയ്‌ക്ക് എളുപ്പത്തിൽ അസുഖം വരാം.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗങ്ങൾ എന്ന നിലയിലും പോസിറ്റിവിറ്റിയുടെ പ്രതീകങ്ങളായും ഇൻ്റർനെറ്റിൽ ക്വോക്കകൾ പ്രശസ്തി നേടിയിട്ടുണ്ട്. കാരണം അവരുടെ മുഖത്തിന്റെ മുൻഭാഗത്തെ ഫോട്ടോകൾ കണ്ടാൽ അവ പുഞ്ചിരിക്കുന്നതായി തോന്നും. വാസ്തവത്തിൽ അവ പുഞ്ചിരിക്കുന്നില്ല. ഇത് അവരുടെ സ്വാഭാവിക മുഖഘടനയാണ്. പുഞ്ചിരിക്കുന്ന ക്വോക്കകളുടെ നിരവധി ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്.















