ടെൽ അവീവ്: ഇസ്രായേലിലെ ബാർഷെബയിൽ വെടിവയ്പ്പും കത്തിക്കുത്തും. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്‌ത്തിയെന്നാണ് വിവരം. ബാർഷെബയിലെ ബസ് സ്റ്റേഷനിലായിരുന്നു ആക്രമണം നടന്നത്. ഭീകരന്റെ പക്കൽ കത്തിയും തോക്കും ഉണ്ടായിരുന്നു. കണ്ണിൽ കണ്ടവരെയെല്ലാം അക്രമി കുത്തിപ്പരിക്കേൽപ്പിക്കുകയും വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു.
സംഭവത്തിൽ പരിക്കേറ്റ 25-കാരി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവതി ചികിത്സയിലാണ്. നാല് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ടെൽ അവീവിലുള്ള സൊരോക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ഭീകരാക്രമണമാണ് ഇസ്രായേലിൽ നടക്കുന്നത്. ഒക്ടോബര് ഒന്നിന് എട്ട് പേരെ വെടിവച്ച് കൊന്നിരുന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ടെൽ അവീവിലെ ജാഫയിലാണ് ആക്രമണം നടന്നത്. ‘ഒക്ടോബർ ഏഴ്’ ഭീകരാക്രമണം നടന്ന് ഒരു വർഷമാകുന്ന വേളയിലാണ് രണ്ട് ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേൽ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്നാണ് ഐഡിഎഫ് നൽകുന്ന സൂചന.















