വൈക്കം: കേന്ദ്രസർക്കാരിന്റെ പൂർണ സാമ്പത്തിക സഹായത്തോടെ വൈക്കം നഗരസഭയിൽ ആരംഭിച്ച മിനി ഹെൽത്ത് സെന്ററിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ നഗരസഭ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. ഫ്‌ളക്‌സിൽ ഉൾപ്പെടെ നഗരസഭയുടെ മാത്രം പദ്ധതിയായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ വനിതാ കൗൺസിലർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉദ്ഘാടന ചടങ്ങിനിടെയാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്ഘാടനത്തിനായി ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ എന്നിവരെ വേദിയിലേയ്‌ക്ക് സ്വീകരിച്ച് ആനയിക്കുന്നതിനിടെ ബിജെപി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. കൗൺസിലർമാരായ ലേഖ അശോകൻ, എം.കെ. മഹേഷ്, ബിജെപി മുൻ നഗരസഭ കൗൺസിലർ കെ.ആർ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊലീസ് ഇവരെ തടഞ്ഞ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പദ്ധതിയുടെ മുഴുവൻ ചെലവും വഹിച്ചത് കേന്ദ്രസർക്കാരാണ്. എന്നാൽ പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന വിവരം മറച്ചുവെച്ച് നഗരസഭ ഫ്‌ലക്‌സുകളിൽ സ്വന്തം പദ്ധതിയാണെന്ന തരത്തിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് ബിജെപി വിമർശിച്ചു. പതിനഞ്ചാം വാർഡിലാണ് ഹെൽത്ത് സെന്റർ നിർമിച്ചത്.