ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി യോഗത്തിന് ശേഷം ഇരു നേതാക്കളും ഹൈദരാബാദ് ഹൗസിൽ പ്രതിനിധി തല ചർച്ചകകളും നടത്തി. ഇന്ത്യ- മാലദ്വീപ് ബന്ധം വരും വർഷങ്ങളിലും മുന്നോട്ടു കൊണ്ടുപോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
” മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യ- മാലദ്വീപ് ഉഭയകക്ഷി ബന്ധത്തെ സംബന്ധിച്ച് വിപുലമായ ചർച്ചകൾ ഇരു നേതാക്കളും നടത്തി. ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ധാരണയായി.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Taking forward 🇮🇳-🇲🇻 special ties!
PM @narendramodi warmly received President @MMuizzu of Maldives as the latter arrived at Hyderabad House.
Extensive discussions on 🇮🇳-🇲🇻 bilateral relations lie ahead. pic.twitter.com/j1ehhEGJJn
— Randhir Jaiswal (@MEAIndia) October 7, 2024
ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. സമുദ്രരംഗത്തെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് നീങ്ങും. ബെംഗളൂരുവിൽ പുതിയ മാലദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്‌സുവും മാലദ്വീപ് പ്രഥമ വനിത സാജിത മുഹമ്മദും ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
മൊയ്‌സുവിനെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷവും എസ് ജയശങ്കർ പ്രകടിപ്പിച്ചു. മാലദ്വീപ്- ഇന്ത്യ ബന്ധം വളർത്തിയെടുക്കുന്നതിലും നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിൽ കേന്ദ്രസർക്കാർ പിന്തുണയ്‌ക്കുന്ന നിലവിലെ സംരംഭങ്ങളുടെ പുരോഗതികൾ സംബന്ധിച്ച അവലോകനവും ഇരു നേതാക്കളും നടത്തി.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് തന്നെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മൊയ്‌സു ഉറപ്പ് നൽകിയിരുന്നു. ഇന്ത്യയുമായുള്ള വിള്ളലുകൾ നികത്തി ശക്തമായ നയതന്ത്രബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.