ബറേലി: തലമുടി കഴിക്കുന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ബറേലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 31-കാരിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോ മുടിനാര് ഡോക്ടർമാർ പുറത്തെടുത്തു. യുപിയിലെ ബറേലിയിലുള്ള കാർഗേംഗ സ്വദേശിനിയുടെ വയറ്റിൽ നിന്നാണ് മുടിക്കെട്ട് പുറത്തെടുത്തത്.
കടുത്ത വയറുവേദനയെ തുടർന്നായിരുന്നു വീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ സിടി സ്കാനിൽ വയറ്റിൽ മുടിനാര് കുന്നുകൂടിയതായി കണ്ടെത്തി. ഇതോടെ ഓപ്പറേഷൻ ചെയ്യുകയായിരുന്നു.
അഞ്ച് വയസ് മുതൽ തന്റെ സ്വന്തം മുടി കഴിക്കുന്ന ശീലം കുട്ടിക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഴിച്ച മുടിയെല്ലാം അടിഞ്ഞുകൂടി വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചു. ഒടുവിൽ 31-ാം വയസിൽ അസഹനീയമായ വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് കുടുംബം ഡോക്ടർമാരുടെ സഹായം തേടിയത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് ബറേലി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടിരുന്നു.
വയറിനുള്ളിൽ ചുറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നു മുടിനാര്. ഇവയിൽ ചിലത് കുടലിലേക്ക് വരെ എത്തിയിരുന്നു. രണ്ട് കിലോയോളം വരുന്ന മുടിക്കെട്ട് സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. Trichophagia ഡിസോർഡറാണ് യുവതിക്കുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മുടി ചവയ്‌ക്കുക, തിന്നുക, വിഴുങ്ങുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.















