ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഏഴ് പന്ത് ശേഷിക്കെയാണ് വിജയം നേടിയത്.
നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. മോശം റൺറേറ്റാണ് മറ്റൊരു തിരിച്ചടി. -1.217 ആണ് ഇന്ത്യയുടെ റൺറേറ്റ്.ഇന്ത്യയുടെ ബൗളിംഗ് മികച്ചതായിരുന്നു. ഫീൾഡിംഗ് ശരാശരിയും, ചില ക്യാച്ചുകളും ബൗണ്ടറികളും കൈവിട്ടിരുന്നു. എന്നാൽ ബാറ്റിംഗിൽ നിരാശയായിരുന്നു. 106 മാത്രം ചേസ് ചെയ്യാനുണ്ടായിരുന്നപ്പോൾ നെറ്റ് റൺ റേറ്റ് കൂട്ടാനുണ്ടായിരുന്ന അവസരമായിരുന്നു. 14 ഓവറിൽ ചേസ് ചെയ്യണമായിരുന്നു. അത് ഇന്ത്യയെ ഭയങ്കരമായി സഹായിക്കുമായിരുന്നു.——മുൻ പരിശീലകൻ ബിജു ജോർജ് പറഞ്ഞു.
ഇന്ത്യക്ക് ഇനി നേരിടാനുള്ളത് ശ്രീലങ്കയെയും നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയുമാണ്. ടൂർണമെന്റിൽ തുടരണമെങ്കിൽ ശ്രീലങ്കയ്‌ക്ക് എതിരെ വലിയൊരു മാർജിനിൽ ജയം അനിവാര്യമാണ്. അങ്ങനൊരു ജയമുണ്ടായില്ലെങ്കിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം അക്ഷരാർത്ഥത്തിൽ പെൺപടയ്‌ക്ക് ഒരു നോക്കൗട്ടാകും. ഓസ്ട്രേലിയക്കെതിരെ ഷാർജയിലാണ് ഇന്ത്യയുടെ മത്സരം.















