ടെൽഅവീവ്: ഭീകരർക്കെതിരെ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്നത് വലിയൊരു പോരാട്ടമാണെന്നും, ഇനിയൊരിക്കലും ഇസ്രായേൽ ഈ ഘട്ടത്തിലൂടെ കടന്നു പോകില്ലെന്ന് ഉറപ്പ് വരുത്തുന്ന യുദ്ധമാണ് ഇതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ ഒന്നാം വാർഷികത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
” ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരായ ഈ യുദ്ധം അവരുടെ അവസാനം കാണുന്നത് വരെ തുടരും. ഒക്ടോബർ 7ന് ഇസ്രായേൽ നേരിട്ട അതിക്രമം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് രണ്ട് ഭാഗത്തുമുള്ള ശത്രുക്കളുമായുള്ള പോരാട്ടം തുടരുന്നത്. ശത്രുക്കൾ നമ്മുടെ രാജ്യത്തെ ജനങ്ങളെയും രാജ്യത്തിന്റെ സമാധാനത്തിനും ഭീഷണി ഉയർത്തുന്നിടത്തോളം കാലം ഈ യുദ്ധം തുടരും. അതേപോലെ നമ്മുടെ ആളുകൾ ഗാസയിൽ ബന്ദികൾ ആയിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം തുടർന്നേ മതിയാകൂ. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദൗത്യം ഉപേക്ഷിക്കില്ലെന്നും” നെതന്യാഹു പറഞ്ഞു.
എന്നാൽ നാളുകളായി പോരാട്ടം തുടരുന്നത് ശത്രുവിന് കൂടുതൽ ബുദ്ധിമുട്ടും പണച്ചെലവും ഉണ്ടാക്കുമെന്നും, അതുകൊണ്ട് തന്നെ തങ്ങൾ ഈ പോരാട്ടം നീട്ടിക്കൊണ്ടുപോകുമെന്നും ഹമാസ് സായുധവിഭാഗം വക്താവ് അബു ഒബൈദ പറഞ്ഞു. ഗാസയിൽ ബന്ദികളായവർ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് ഹമാസിന് എല്ലാവിധ പിന്തുണയും നൽകുന്നതായി ഇറാൻ ആവർത്തിച്ചിട്ടുണ്ട്.