ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. അഴിമതി കൊടികുത്തിവാഴുന്ന പാർട്ടിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയെന്നും അദ്ദേഹം ആരോപിച്ചു.
“ഒരു കാര്യം കൂടി പറയാനുണ്ട്. ഇവിടെ അഴിമതിക്ക് പേരുകേട്ട ഒരു പാർട്ടി ഉണ്ടയായിരുന്നു. അവർ 90 സീറ്റിലും മത്സരിച്ചു. പക്ഷെ കാര്യമുണ്ടായില്ല, എല്ലാ സീറ്റിലും കെട്ടിവച്ച പണം നഷ്ടപ്പെട്ടു. അത്രയ്‌ക്കും മോശമായിരുന്നു അവരുടെ പ്രകടനം”, നദ്ദ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന പ്രവർത്തകരുടെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് രൂപീകൃതമായ പാർട്ടിയാണ് ആം ആദ്മി . സത്യസന്ധതയാണ് പാർട്ടിയുടെ നയമെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. എന്നാൽ പാർട്ടിയിലെ പ്രമുഖനേതാക്കൾക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളും കേസുകളും ആം ആദ്മിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും മദ്യനയ അഴിമതിക്കേസിൽ കുടുങ്ങി ജയിലിൽ പോകേണ്ടി വന്നതോടെ പാർട്ടിയുടെ പതനം ഏതാണ്ട് പൂർത്തിയായി.
ഹരിയാന സ്വദേശിയായ കെജ്‌രിവാൾ തെരഞ്ഞെടുപ്പിലുടനീളം ‘ഹരിയാനയുടെ മകൻ’ എന്ന പേരിലാണ് പ്രചാരണം നടത്തിയത്. സഖ്യത്തിനായി കോൺഗ്രസുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 90 സീറ്റുകളിലും എഎപി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, പാർട്ടിക്ക് 1.79% വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്.















