എറണാകുളം: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്ത സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ലഹരിപാർട്ടിയിൽ പങ്കെടുത്ത 20-ഓളം പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് താരങ്ങൾക്ക് അയക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും ഫോൺകോൾ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ശാസ്ത്രീയ പരിശോധനകളുടെ ഫലം വന്നതിന് ശേഷം താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഓംപ്രകാശിന്റെ മുടിയും നഖവും ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. 20 പേരിൽ ഉൾപ്പെട്ട എല്ലാവരെയും ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഓംപ്രകാശിന്റെ ലഹരിപാർട്ടിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും പങ്കെടുത്തതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓംപ്രകാശിനെ അറിയില്ലെന്നും പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ അവരുടെതായ കഥകൾ മെനഞ്ഞ് ഉണ്ടാക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസാണെന്നും പ്രയാഗ പറഞ്ഞു.