ലാവോസ്: ഇന്ത്യ ആസിയാൻ ഉച്ചകോടിക്കും ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കുമായി ലാവോസിലെത്തിയ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത് അപൂർവ്വ ദൃശ്യവിരുന്ന്. രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് മോദിക്കായി ഒരുക്കിയത്. രാമായണത്തിലെ കഥാപാത്രങ്ങളായി നിരവധി കലാകാരൻമാർ അണിനിരന്ന പ്രകടനം ആദ്യാവസാനം ഏറെ ആസ്വദിച്ചാണ് പ്രധാനമന്ത്രി വീക്ഷിച്ചത്.
ലുവാങ് പ്രബാങ്ങിലെ പ്രസിദ്ധമായ റോയൽ തിയറ്ററിലാണ് പ്രധാനമന്ത്രിക്കായി ദൃശ്യവിരുന്ന് ഒരുക്കിയത്. വേദിയിൽ നിറഞ്ഞാടിയ കലാകാരൻമാരെ അഭിനന്ദിക്കാനും അവർക്കൊപ്പം ചിത്രങ്ങളെടുക്കാനും പ്രധാനമന്ത്രി തയ്യാറായി. ഫലക് ഫലം എന്നും ഫ്രാലാക് ഫ്രാ രാം എന്നും രാമായണത്തിന്റെ ലാവോസ് പതിപ്പ് അറിയപ്പെടുന്നുണ്ട്. ഇന്ത്യയും ലാവോസും തമ്മിൽ ആഴത്തിലുളള സാംസ്‌കാരിക – പൈതൃക ബന്ധത്തിന്റെ പ്രതിഫലനമാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Some glimpses from the memorable episode of Phalak Phalam or Phra Lak Phra Ram I witnessed in Lao PDR. pic.twitter.com/0XYQATl7BE
— Narendra Modi (@narendramodi) October 10, 2024
” നൂറ്റാണ്ടുകളായി ഇന്ത്യയും ലാവോസും പങ്കിട്ട പൈതൃകത്തെയും നാഗരികതയെയും ഇതിലൂടെ പ്രതിപാദിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും ലാവോസ് പിന്തുടരുകയും അനുഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും പങ്കിടുന്ന പാരമ്പര്യങ്ങൾ കൂടുതൽ പ്രകാശിതമാക്കാൻ ലാവോസും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി
21-ാമത് ആസിയാൻ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലാവോസിലെത്തിയ പ്രധാനമന്ത്രിയെ ലാവോസ് ആഭ്യന്തരമന്ത്രി വില്യവോങ് ബുദ്ധഖാം ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
തുടർന്ന് ബുദ്ധ സന്യാസികളുമായും ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു. ഇന്തോ- പസഫിക് മേഖലയിൽ ഉയർന്നു വരുന്ന ഭീഷണികളെ കുറിച്ച് ചർച്ച ചെയ്യാനും ഇന്ത്യ- ലാവോസ് ബന്ധം ദൃഢപ്പെടുത്താനും ആസിയാൻ ഉച്ചകോടി സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.