ദുർഗാഷ്ടമി അടുക്കുമ്പോൾ രാജ്യത്തിന്റെ ഓരോ കോണിലും പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ദുർഗാപൂജാ പന്തൽ. ആദിപരാശക്തിയായ ദുർഗയെ വ്യത്യസ്തമായി അണിയിച്ചൊരുക്കി പന്തലിൽ പ്രതിഷ്ഠിക്കുന്നു. ദുർഗാഷ്ടമി കഴിയുവോളം ഇവിടെ പൂജയുമുണ്ടാകും. ഓരോ വർഷവും വ്യത്യസ്തവും മനോഹരവുമായ ദുർഗാപൂജാ പന്തൽ ഒരുക്കാൻ ജനങ്ങൾ പരിശ്രമിക്കാറുണ്ട്. നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ പേരിൽ പല പന്തലുകളും സവിശേഷമാകാറുമുണ്ട്. ദുർഗാഷ്ടമി കൊണ്ടാടുന്നതിൽ പേരുകേട്ട കൊൽക്കത്ത നഗരത്തിൽ എത്രകണ്ടാലും മതിവരാത്ത ഒരു പന്തൽ ഒരുങ്ങിയിരിക്കുകയാണ്.
പരിസ്ഥിതി സൗഹൃദമാണ് ഈ പന്തൽ. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് സമൂഹത്തിന് നല്ലൊരു സന്ദേശം പകരുകയെന്ന ഉദ്ദേശ്യത്തോടെ ഇവിടുത്തുകാർ പരിസ്ഥിതി സൗഹൃദ പന്തൽ ഒരുക്കിയത്. പ്രദേശവാസികളുടെ ശ്രദ്ധപിടിച്ചുപറ്റിയെന്ന് മാത്രമല്ല, ഈ ഗ്രീൻ-പന്തൽ സോഷ്യൽമീഡിയയിലും വൈറലാണ്.
View this post on Instagram
കരകൗശല വിദഗ്ധനായ പ്രശാന്ത പാൽ ആണ് സവിശേഷമായ ഈ പന്തലിന് പിന്നിൽ. 50 തരത്തിലുള്ള 8,000 ചെടികളാണ് അദ്ദേഹം ഈ പന്തലിനായി ഉപയോഗിച്ചത്. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ചെടികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശേഖരിച്ച ചെടികൾ രണ്ട് മാസത്തോളം നട്ടുനനച്ച് വളർത്തിയതിന് ശേഷം ഇതുപയോഗിച്ച് പന്തലുണ്ടാക്കുകയായിരുന്നു. കൊൽക്കത്തയിലെ ശ്യാംബസാർ മെട്രോ സ്റ്റേഷന് സമീപം വാർഡ് നമ്പർ 15ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കൊൽക്കത്തയിൽ ആദ്യമായാണ് ഇക്കോ-ഫ്രണ്ട്ലി പന്തൽ നിർമിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
നഗരത്തിന്റെ സമ്പന്നതയും കരകൗശല വൈദഗ്ധ്യവും വിളിച്ചോതുന്ന പന്തലുകൾ പ്രതിവർഷം ഉയരാറുണ്ട്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ പരിസ്ഥിതി സൗഹൃദ പന്തലും.