ന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ ഇൻ്റർനെറ്റിന്റെ പരീക്ഷണത്തിന് പച്ചക്കൊടി. റിലയൻസ് ജിയോയുടെ ഓർബിറ്റ് കണ്ക്ട് ഇന്ത്യ, ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺ വെബിനും കേന്ദ്ര ടെലികോം വകുപ്പ് സ്‌പെക്ട്രം അനുവദിച്ചു. ആറ് മാസത്തേക്കാണ് അനുമതി. ഇക്കാലയളവിൽ വിവിധ പരീക്ഷണങ്ങൾ നടത്തും.
ടെലികോം വകുപ്പിന് പുറമേ ഇൻ-സ്പേസ് ഏജൻസിയുടെയും അംഗീകീരം ലഭിച്ച കമ്പനികൾക്കാണ് സ്‌പെക്ട്രം അനുവദിച്ചിരിക്കുന്നത്. മസ്കിന്റെ സ്റ്റാർലിങ്ക്, ആമസോണിന്റെ പ്രൊജക്ട് കൈപ്പർ തുടങ്ങിയ എതിരാളികൾ ഇപ്പോഴും അനുമതിക്കായി കാത്തിരിക്കുകയാണ്.
ഉപയോക്താക്കൾക്ക് ഈ സ്പെക്ട്രം ഉപയോഗിച്ച് ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം നൽകാമെങ്കിലും പരീക്ഷണഘട്ടമായതിനാൽ ഫീസ് ഈടാക്കാനാവില്ല. ഉപയോക്താക്കളുടെ എണ്ണത്തിൽ നിയന്ത്രണമില്ലാത്തതിനാൽ വൻ തോതിലും പരീക്ഷണം നടത്താവുന്നതാണ്. സാങ്കേതികത്വവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളിൽ കമ്പനികൾക്ക് അവരുടെ മികവ് ഇതിലൂടെ പ്രകടിപ്പിക്കാം.
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ ലഭിച്ചതിന് ശേഷമാകും വാണിജ്യാടിസ്ഥാനത്തിൽ ടെലികോം വകുപ്പ് സ്പെക്ട്രം അനുവദിക്കൂ. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂരമായ സ്ഥലങ്ങളിൽ പോലും ഉപഗ്രഹങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് ലഭിക്കും. ഡയറക്ട്-ടു-ഡിഷ് ടിവ് സേവനത്തിന് സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആൻ്റിന വഴിയാണ് ഇൻ്റർനെറ്റ് ലഭിക്കുക.