ജയ്പൂർ: ഉദയ്പൂർ വനമേഖലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വനത്തിന് അടുത്തുള്ള ഗ്രാമത്തിലെ കർഷകനെ ആക്രമിച്ച പുലിയേയാണ് വെള്ളിയാഴ്ച വൈകിട്ട് ചത്തനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിലാണ് ജഡം.
കർഷകൻ ദേവറാമിന്റെ വീടിന് സമീപത്താണ് ജഡം കിടന്നിരുന്നത്. ദേവറാമിനെ ആക്രമിച്ച പുലിയാണിത്. കൂർത്ത ആയുധം അല്ലെങ്കിൽ മഴു ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളാണ് പുലിയുടെ മുഖത്തും കഴുത്തിലുമുള്ളത്. സൈര പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു പുലി കർഷകന്റെ വീട്ടിലെത്തിയത്. പുശുക്കളെ ആദ്യം ആക്രമിക്കുകയും പിന്നീട് ദേവറാമിനെ കീഴ്പ്പെടുത്തുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ബഹളം വച്ച് പുലിയ ഓടിച്ചു. ഇതിന് പിന്നാലെ നാട്ടുകാർ ആയുധങ്ങളേന്തി പുലിയെ പിന്തുടരുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദേവറാമിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിലവിൽ കർഷകന്റെ ആരോഗ്യനില തൃപ്തികരമാണ്. പുലി ആക്രമിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാത്തതിനാൽ ദേവറാമിന് ഇപ്പോഴും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.