ജനിച്ചുവീണ് ഏതാനും ദിവസങ്ങൾ മാത്രം.. പൊക്കിൾക്കൊടിയിലെ മുറിവ് പോലും ഉണങ്ങിയിട്ടില്ല. എന്നിട്ടും പിഞ്ചുപൈതലിനെ കുറ്റിക്കാട്ടിൽ തള്ളി വേണ്ടപ്പെട്ടവർ കടന്നുകളഞ്ഞു. കുഞ്ഞ് വാവിട്ട് കരഞ്ഞു. നാട്ടുകാർ ഓടിയെത്തി പൊലീസിനെ വിവരമറിയിച്ചു. ഇനിയുള്ള ജീവിതം ഏതെങ്കിലുമൊരു അനാഥാലയത്തിൽ… മാതാപിതാക്കളുടെ വാത്സല്യവും കരുതലും അറിയാതെ, മറ്റ് അനാഥക്കുഞ്ഞുങ്ങളോടൊപ്പം വളരാൻ വിധിക്കപ്പെട്ടവളായി.. എന്നാൽ അവളുടെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. കുറ്റിക്കാട്ടിൽ അലമുറയിട്ട് കരഞ്ഞിരുന്ന ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തെടുത്ത ആ പൊലീസുകാരൻ അവളെ ദത്തെടുക്കാൻ തീരുമാനിച്ചു. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് നവരാത്രി സമയത്ത് ദേവി അനുഗ്രഹിച്ച് നൽകിയ പുണ്യമാണിതെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
യുപി ഗാസിയാബാദിലാണ് വികാരനിർഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. ദുധിയ പീപൽ പൊലീസ് ഔട്ട്പോസ്റ്റിലെ എസ്ഐ പുഷ്പേന്ദ്ര സിംഗിനും ഭാര്യക്കും കഴിഞ്ഞ ഏഴ് വർഷമായി കുട്ടികളില്ല. കുറ്റിക്കാട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ ആ പെൺകുഞ്ഞിനെ അദ്ദേഹം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. അവളെ തിരക്കി ആരെങ്കിലുമെത്തുമോയെന്ന് നോക്കി, ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും വന്നില്ല. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് വ്യക്തമായി. ഇതോടെ പുഷ്പേന്ദ്ര സിംഗും ഭാര്യ രാഷിയും ചേർന്ന് അവളെ ദത്തെടുക്കാൻ തീരുമാനിച്ചു. നിയമപരമായ നടപടികൾ വേഗം പൂർത്തിയാക്കി, ആരോരുമില്ലാതായ ആ കുഞ്ഞിന്റെ രക്ഷാകരങ്ങളായി.