തിരുവനന്തപുരം: കൊച്ചിയിലെ ടൗൺപ്ലാസയിൽ എത്തിയത് സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമായിരുന്നുവെന്ന് ഗുണ്ടാനേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ലഹരിപാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെതുടർന്ന് ഓം പ്രകാശിനെയും കൂട്ടാളിയെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളുകയാണ് ഓംപ്രകാശ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നാണ് ഓംപ്രകാശിന്റെ വാദം. തന്നെ കേസിൽ മനഃപൂർവം കുടുക്കിയതാണെന്നും ഇയാൾ പറയുന്നു.
15 കൊല്ലമായി ആൻ്റി ബയോട്ടിക് മരുന്ന കഴിക്കുന്നയാളാണ് താൻ. ലഹരി ഉപയോഗിക്കാൻ കഴിയില്ല. റൂമിൽ മദ്യമുണ്ടായിരുന്നു. നിരവധി സുഹൃത്തുക്കൾ എത്തി. എന്നാൽ ഇവർക്കൊപ്പം വന്നവരെ എനിക്ക് പരിചയമില്ല. അക്കൂട്ടത്തിലാണ് പ്രയാഗയും ശ്രീനാഥ് ഭാസിയും വന്നത്. യുവതിയെ എനിക്ക് മനസിലായില്ല. പിന്നീടാണ് നടി പ്രയാഗ മാർട്ടിനാണെന്ന് മനസിലായത്. സിനിമയിൽ കാണുന്ന ഭംഗിയൊന്നും അവർക്കില്ല. ഭാസി നല്ല പയ്യനാണ്. പരിചയപ്പെട്ടു, നല്ലപോലെ സംസാരിക്കും. ഷേക്ക്ഹാൻഡ് നൽകി. പോകാൻ നേരം കെട്ടിപ്പിടിച്ചാണ് മടങ്ങിയത്.
ഈ കവർ കണ്ടെടുത്തത് എന്റെ റൂമിലല്ല. എന്റെ റൂമിൽ നിന്ന് ഒരു സിഗരറ്റ് കുറ്റിപോലും കണ്ടെടുത്തിട്ടില്ല. നിലവിൽ രണ്ടുകേസ് മാത്രമാണ് തനിക്കെതിരെയുള്ളത്. ആഴ്ചയിൽ ഒരുദിവസം തിരുവനന്തപുരം കമ്മിഷണർ ഓഫീസിൽ പോയി ഒപ്പിടാറുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്നതാണ് തന്റെ ലൈനെന്നും—-ഗുണ്ടാനേതാവ് പറഞ്ഞു.















